ന്യൂഡൽഹി: ഐ.എൻ.എക്‌സ് മീഡിയ അഴിമതി കേസിൽ മുൻ കേന്ദ്ര ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിന് കനത്ത തിരിച്ചടി. കേസിൽ ചിദംബരം സമർപ്പിച്ച ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി പ്രത്യേക ജസ്റ്റിസ് സുരേഷ് കുമാർ കെയ്ത്ത് തള്ളി. ചിദംബരത്തിനെതിരായ ആരോപണങ്ങൾ ഗൗരവമേറിയതാണെന്ന് കോടതി നിരീക്ഷിച്ചു. സാമ്പത്തിക ഇടപാടിൽ ചിദംബരത്തിന് മുഖ്യപങ്കുണ്ടെന്നും ഈ സാഹചര്യത്തിൽ ജാമ്യം അനുവദിച്ചാൽ അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ വാദിച്ചിരുന്നു. ഹർജിയിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയാക്കിയ കോടതി ഇന്ന് വിധിപറയാനായി മാറ്റിവെച്ചതായിരുന്നു. കേസിൽ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിലാണ് ചിദംബരം. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിലെ പ്രത്യേക കോടതി ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി 27 വരെ നീട്ടിയിരുന്നു. ഒക്ടോബർ 16 നാണ് ഇ.ഡി. ചിദംബരത്തെ അറസ്റ്റ് ചെയ്തത്. അഴിമതി കേസിൽ ഒക്ടോബർ 22ന് ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഇ.ഡി. കസ്റ്റഡിയിൽ എടുത്തിരുന്നതിനാൽ പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല.