rahul-gandhi

ന്യൂഡൽഹി: യംഗ് ഇന്ത്യൻ കമ്പനി ചാരിറ്റബിൾ ട്രസ്റ്റ് ആയി പരിഗണിക്കണമെന്ന കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അപേക്ഷ ആദായനികുതി ട്രൈബ്യൂണൽ തള്ളി. യംഗ് ഇന്ത്യൻ കമ്പനി വാണിജ്യ സ്ഥാപനമാണെന്ന് വ്യക്തമാക്കിയാണ് ട്രൈബ്യൂണൽ നടപടി. യംഗ് ഇന്ത്യന്റെ പ്രവർത്തനങ്ങൾ ചാരിറ്റിയിൽ വരില്ലെന്ന് ട്രൈബ്യൂണൽ കണ്ടെത്തി. ഇതോടെ രാഹുൽഗാന്ധിക്കും കോൺഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിക്കുമെതിരായ 100 കോടിയുടെ നികുതി കേസ് വീണ്ടും സജീവമാകും.

കോൺഗ്രസ് പത്രമായ നാഷണൽ ഹെറാൾഡിന്റെ ഡൽഹിയിലെ ഹെറാൾഡ് ഹൗസ് രാഹുലും സോണിയയും അംഗങ്ങളായ യംഗ് ഇന്ത്യൻ കമ്പനി 2010ൽ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് നികുതി ക്രമക്കേട് ആരോപണമുയർന്നത്. വിവരം മറച്ചുവച്ചാണ് 2011 -12ൽ ഇരുവരും ആദായനികുതി റിട്ടേൺ സമർപ്പിച്ചതെന്നാണ് ആരോപണം.

1,600 കോടി രൂപ മതിക്കുന്ന ഹെറാൾഡ് ഹൗസ് വെറും 50 ലക്ഷം രൂപയ്ക്ക് വാങ്ങിയെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സാമിയാണ് 2012ൽ പ്രശ്നം ഉയർത്തിക്കൊണ്ടുവന്നത്. ഹെറാൾഡ് ഹൗസ് ഒഴിയണമെന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ഫെബ്രുവരിയിൽ ശരിവച്ചിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ് നേതാക്കൾ.