ന്യൂഡൽഹി: മദ്രാസ് ഐ.ഐ.ടി വിദ്യാർത്ഥിനി കൊല്ലം കിളികൊല്ലൂർ സ്വദേശി ഫാത്തിമ ലത്തീഫിനെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അന്വേഷിക്കാൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാൽ ഉത്തരവിട്ടു. മന്ത്രി നിർദ്ദേശിച്ചതു പ്രകാരം കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആർ. സുബ്രഹ്മണ്യം ഇന്ന് ചെന്നൈയിലെത്തും. വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഇടപെടലിനെ തുടർന്നാണിത്. മുരളീധരൻ രമേശ് പൊഖ്രിയാലിനെ കണ്ട് അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. വിഷയത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുമായും പെൺകുട്ടിയുടെ പിതാവുമായും സംസാരിച്ചതായി മുരളീധരൻ പറഞ്ഞു.
ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിനിയായിരുന്ന ഫാത്തിമയെ 9നാണ് ഹോസ്‌റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ധ്യാപകരിൽ നിന്ന് മാനസിക പീഡനം നേരിട്ടിരുന്നതായി ഫാത്തിമയുടെ ഫോണിൽ കുറിപ്പുണ്ടായിരുന്നു. ഹ്യൂമാനിറ്റീസ് വിഭാഗത്തിലെ പ്രൊഫസർമാരായ സുദർശൻ പദ്മനാഭൻ, മിലിന്ദ് ബ്രഹ്‌മെ എന്നിവർക്കു നേരെയാണ് ആരോപണമുന നീളുന്നത്.
അന്വേഷണ സംഘം കൊല്ലത്തെത്തി ഫാത്തിമയുടെ സഹോദരിയുടെ മൊഴിയെടുക്കും. ഫാത്തിമയുടെ ലാപ്ടോപും ഐപാഡും പരിശോധനയ്ക്കായി ഏറ്റെടുക്കും. അതിനിടെ ഫാത്തിമയുടെ മരണം പാർലമെന്റിൽ ഉന്നയിക്കാൻ ഡി.എം.കെയും സി.പി.എമ്മും തീരുമാനിച്ചു. തിങ്കളാഴ്ച ചേരുന്ന സമ്മേളനത്തിൽ കനിമൊഴി എം.പി വിഷയം ഉന്നയിക്കുമെന്ന് എം.കെ. സ്റ്റാലിൻ ഫാത്തിമയുടെ കുടുംബത്തെ അറിച്ചു.