ബുള്ളറ്റ് പ്രൂഫ് വാഹനം
സേനാംഗങ്ങൾ ഇരട്ടി
ന്യൂഡൽഹി: മാവോയിസ്‌റ്റ് ഭീഷണിയുടെ പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഡൽഹിയിൽ ബുള്ളറ്റ് പ്രൂഫ് വാഹനവും കമാൻഡോ അകമ്പടിയും അടക്കം അധിക സുരക്ഷ ഏർപ്പെടുത്തി. പോളിറ്റ്ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ ഇന്നലെ എത്തിയ മുഖ്യമന്ത്രിക്ക് 'ഇസഡ് പ്ളസ് ' സുരക്ഷയാണ് ഡൽഹി പൊലീസ് ഒരുക്കിയത്. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമാണ് ക്രമീകരണം.
താമസ സ്ഥലമായ കേരളാഹൗസിൽ നിന്ന് മുഖ്യമന്ത്രി പുറത്തേക്ക് പോകുമ്പോൾ ഡൽഹി പൊലീസിന്റെ നാല് അകമ്പടി വാഹനങ്ങളും ജാമർ ഘടിപ്പിച്ച പ്രത്യേക വാഹനവും ഒപ്പമുണ്ട്. ഡൽഹി പൊലീസിന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം ഏഴിൽ നിന്ന് 15 ആയി വർദ്ധിപ്പിച്ചു. നാല് കമാൻഡോകളും കൂടെയുണ്ട്. കേരളാ പൊലീസിന്റെ സുരക്ഷയ്‌ക്കു പുറമേയാണിത്.
ബുള്ളറ്റ് പ്രൂഫ് സംവിധാനമുള്ള സഫാരി കാർ എത്തിച്ചെങ്കിലും ഇന്നലെ മുഖ്യമന്ത്രി പതിവ് വാഹനത്തിലാണ് യാത്ര ചെയ്‌തത്. പി.ബി യോഗത്തിനു ശേഷം ഇന്ന് മടങ്ങും.