winter-session

ന്യൂഡൽഹി: നാളെ തുടങ്ങുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ സുപ്രധാന ബില്ലുകൾ പരിഗണയ്‌ക്ക് വരുന്നുണ്ടെന്നും പ്രതിപക്ഷ കക്ഷികൾ സഹകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യർത്ഥിച്ചു. ശീതകാല സമ്മേളനത്തിന് മുന്നോടിയായി ലോക്‌സഭാ സ്‌പീക്കർ ഓംബിർള വിളിച്ച സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കേന്ദ്ര സർക്കാരിന്റെ സർവകക്ഷി യോഗം ഇന്ന് ചേരും.

ജൂലായിൽ സമാപിച്ച ബഡ്‌ജറ്റ് സമ്മേളനം പാസായ ബില്ലുകളുടെ എണ്ണത്തിലും പ്രവർത്തിസമയത്തിന്റെ പേരിലും ചരിത്രംകുറിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിസിനസ് അഡ്വൈസറി സമിതിയുടെ അംഗീകാരത്തോടെ വരുന്ന ബില്ലുകളെ പിന്തുണയ്‌ക്കുമെന്ന് പ്രതിപക്ഷ നേതാക്കൾ ഉറപ്പു നൽകി. കാശ്‌മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ ബിൽ അടക്കം അവതരിപ്പിച്ച രീതിയെ പ്രതിപക്ഷം വിമർശിച്ചിരുന്നു. കാർഷിക പ്രതിസന്ധി, വ്യവസായ തളർച്ച, ഓഹരി വിറ്റഴിക്കൽ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടതായി യോഗത്തിൽ പങ്കെടുത്ത ലോക്‌സഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

ദേശീയ പൗരത്വ രജിസ്‌റ്റർ ബിൽ, ഡൽഹിയിലെ കോളനികൾക്ക് അംഗീകാരം നൽകുന്ന ബിൽ, ഡാറ്റാ സംരക്ഷണ ബിൽ തുടങ്ങിയവ ശീതകാല സമ്മേളനത്തിൽ പരിഗണയ്‌ക്കു വന്നേക്കും. മഹാരാഷ്‌ട്രയിലെ സർക്കാർ രൂപീകരണശ്രമങ്ങളും സമ്മേളനത്തിൽ പ്രതിഫലിക്കും. ഈ മാസം 18 മുതൽ ഡിസംബർ 13വരെയാണ് ശീതകാല സമ്മേളനം.