ന്യൂഡൽഹി: സുപ്രീംകോടതിയുടെ 47ാമത് ചീഫ്ജസ്റ്റിസായി ജസ്റ്റിസ് എസ്. എ ബോബ്ഡെ ഇന്ന് ചുമതലയേൽക്കും. രാവിലെ രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. 2021 ഏപ്രിൽ 23വരെ കാലാവധിയുണ്ട്.
ചീഫ് ജസ്റ്റിസ് പദവയിൽ നിന്ന് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഇന്നലെ വിരമിച്ചു.
ശബരിമലയിലെ യുവതീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന ഹർജികളും മതസ്വാതന്ത്ര്യവും മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ഏഴ് ഭരണഘടനാപ്രശ്നങ്ങൾ പരിശോധിക്കാൻ വിശാലബെഞ്ച് രൂപീകരിക്കലുമാണ് ബോബ്ഡെയ്ക്ക് മുന്നിലുള്ള പ്രധാന കേസുകളിൽ ഒന്ന്. അയോദ്ധ്യ വിധിക്കെതിരെ മുസ്‌ലിം വ്യക്തിനിയമബോർഡ് റിവ്യൂ ഹർജി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതും പ്രധാനമാണ്.
ജസ്റ്റിസ് എസ്. എ ബോബ്ഡെ
മഹാരാഷ്ട്ര നാഗ്പൂർ സ്വദേശി
നാഗ്പൂർ സർവകലാശാലയിൽ നിന്ന് നിയമബിരുദം
1978ൽ മഹാരാഷ്ട്ര ബാർ കൗൺസിലിൽ എൻറോൾ ചെയ്തു.
ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിൽ 21 വർഷം അഭിഭാഷകൻ
1998ൽ മുതിർന്ന അഭിഭാഷക പദവി
2000 മാർച്ച് 29ന് ബോംബെ ഹൈക്കോടതി അഡിഷണൽ ജഡ്‌ജി
2012 ഒക്ടോബർ 16ന് മദ്ധ്യപ്രദേശ് ഹൈക്കോടതി ചീഫ്ജസ്റ്റിസ്
2013 ഏപ്രിൽ 12ന് സുപ്രീംകോടതി ജഡ്‌ജി
അയോദ്ധ്യ കേസിൽ സുപ്രധാന വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിൽ അംഗം