fathima-latheef

സ്വതന്ത്ര അന്വേഷണം വേണമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി

ന്യൂഡൽഹി : ചെന്നൈ ഐ.ഐ.ടിയിലെ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ ദുരൂഹമരണം പാർലമെൻറിന്റെ ശീതകാലസമ്മേളനത്തിന് മുന്നോടിയായി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷിയോഗത്തിൽ വിവിധ പ്രതിപക്ഷ എം. പിമാർ ഉന്നയിച്ചു.

നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം നടത്തണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. ഒരു അദ്ധ്യയന വർഷത്തിൽ ചെന്നൈ ഐ.ഐ.ടി യിൽ നടന്ന ആറാമത്തെ ദുരൂഹ മരണമാണിത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനസിക പീഡനങ്ങളും വിവേചനവും സംബന്ധിച്ചും സമഗ്ര ചർച്ചയും അന്വേഷണവും ഉണ്ടാകണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ഇതു സംബന്ധിച്ച നിവേദനവും പ്രധാനമന്ത്രിക്ക് നൽകി.

ചെന്നൈ ഐ.ഐ.ടിയിൽ തുടർച്ചയായി നടക്കുന്ന മരണങ്ങൾ ഗുരുതരമാണെന്നും ഭയവിഹ്വലമായ അന്തരീക്ഷമാണ് ഐ.ഐ.ടി യിൽ നിലനിൽക്കുന്നതെന്നും ഡി.എം.കെ നേതാവ് ടി.ആർ. ബാലു പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയുടെ ഭാഗമാണിതെന്ന് ടി.ആർ. ബാലു ചൂണ്ടിക്കാട്ടിയപ്പോൾ എ.ഡി.എം.കെ അംഗങ്ങൾ പ്രതിഷേധിച്ചു.

വിഷയം ഗൗരവമായി ചർച്ച ചെയ്യണമെന്ന് സി.പി.എം അംഗം ടി.കെ. രംഗരാജനും ആവശ്യപ്പെട്ടു.

വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് അന്വേഷണത്തിന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി നേരിട്ട് ചെന്നൈയിലേക്ക് പോയിട്ടുണ്ടെന്ന് പാർലമെൻററികാര്യ സഹമന്ത്രി വി. മുരളീധരൻ മറുപടി പറഞ്ഞു.

കേരളത്തിലെ എം.പിമാർ വിഷയം പാർലമെൻറിൽ ഉന്നയിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് രാവിലെ വാർത്താസമ്മേളനത്തിൽ അറിയിച്ചു.