parliament-winter-session

ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. സാമ്പത്തിക മാന്ദ്യം, കാർഷിക പ്രതിസന്ധി, തൊഴിലില്ലായ്മ, കാശ്മീർ, റഫേൽ തുടങ്ങിയ വിഷയങ്ങളുയർത്തി സർക്കാരിനെ പ്രതിരോധത്തിലാക്കി സമ്മേളനത്തെ ചൂടുപിടിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. അതേസമയം പാർലമെന്റിന്റെ നടപടിക്രമങ്ങളും ചട്ടങ്ങളും പ്രകാരം എല്ലാ വിഷയങ്ങളും ചർച്ചചെയ്യാൻ ഒരുക്കമാണെന്ന് സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷ നേതാക്കളോട് വ്യക്തമാക്കി.

കാശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള എം.പിയെ തടങ്കലിൽ വച്ചത് പ്രതിപക്ഷം ഇന്നലെ ഉന്നയിച്ചിരുന്നു. സഭയിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഉറപ്പുവരുത്താൻ സർക്കാരിന് ഭരണഘടനാപരമായ ബാദ്ധ്യതയുണ്ടെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്സഭാ നേതാവ് അധിർരഞ്ജൻ ചൗധരി, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, മുതിർന്ന നേതാവ് ആനന്ദ്ശർമ്മ, സി.പി.എം ലോക്സഭാ നേതാവ് പി.നടരാജൻ, രാജ്യസഭാ നേതാവ് ടി.കെ രംഗരാജൻ, സി.പി.ഐ നേതാവ് ബിനോയ് വിശ്വം തുടങ്ങി 27 പാർട്ടികളുടെ നേതാക്കൾ പങ്കെടുത്തു.

# വിട്ടുനിന്ന് ശിവസേന

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലി തെറ്റിപ്പിരിഞ്ഞ ശിവസേന എൻ.ഡി.എ കക്ഷികളുടെ യോഗത്തിൽ നിന്ന് വിട്ടുനിന്നു. സർവകക്ഷിയോഗത്തിലും പങ്കെടുത്തില്ല. ലോക്‌സഭയിൽ 18 ഉം രാജ്യസഭയിൽ 3 ഉം എംപിമാരുള്ള ശിവസേന ഈ സമ്മേളനത്തിൽ പ്രതിപക്ഷത്തിന് കരുത്താകും.

# 27 പുതിയ ബില്ലുകൾ

കോർപറേറ്റുകൾക്ക് നികുതിയിളവ് അനുവദിച്ചും ഇ സിഗരറ്റുകൾ നിരോധിച്ചുമുള്ള ഓർഡിനൻസുകൾക്ക് പകരമായുള്ള രണ്ട് ബില്ലുകളടക്കം 27 പുതിയ ബില്ലുകൾ പാസാക്കാനായി ശീതകാല സമ്മേളനത്തിൽ സർക്കാർ അവതരിപ്പിക്കും. അയൽരാജ്യങ്ങളിൽ നിന്ന് കുടിയേറി ദീർഘനാളായി രാജ്യത്ത് താമസിക്കുന്ന മുസ്ലീങ്ങൾ ഒഴികെയുള്ള മറ്റ് മതസ്ഥർക്ക് പൗരത്വം അനുവദിച്ചുള്ള വിവാദ പൗരത്വ ഭേദഗതി ബില്ലും പരിഗണനയിലുണ്ട്.