ന്യൂഡൽഹി: ഹോസ്റ്റൽ ഫീസ് വർദ്ധന അടക്കമുള്ള വിഷയങ്ങൾ ഉയർത്തി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെ.എൻ.യു) വിദ്യാർത്ഥികൾ പാർലമെന്റിലേക്ക് നടത്തിയ ലോംഗ് മാർച്ച് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചതോടെ ഇന്നലെ രാജ്യ തലസ്ഥാനം കുരുതിക്കളമായി.
ബാരിക്കേഡുകൾ തകർത്ത് മുന്നേറിയ വിദ്യാർത്ഥികളും പൊലീസും കേന്ദ്രസേനയും റോഡിൽ ഏറ്റുമുട്ടി. ലാത്തിച്ചാർജിൽ ആയിരത്തോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കോളേജ് ചെയർപേഴ്‌സൺ ഐഷി ഘോഷ് അടക്കം നൂറോളം വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. റോഡ് ഗതാഗതം താറുമാറായി. പാർലമെന്റിന് സമീപത്തെ മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. ജെ.എൻ.യുവിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു.
തുഗ്ലക്ക് റോഡിൽ കുത്തിയിരുന്ന വിദ്യാർത്ഥികളെ വൈകിട്ട് ഏഴിന് അടിച്ചോടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് രാത്രി വൈകിയും സംഘർഷം തുടർന്നു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹി സർവകലാശാലാ വിദ്യാർത്ഥികളും സമരക്കാർക്കൊപ്പമുണ്ട്.
ഇരുപത് ദിവസമായി വിദ്യാർത്ഥികൾ കോളേജിൽ സമരത്തിലാണ്. ഹോസ്റ്റൽ ഫീസിൽ ഭാഗികമായ കുറവ് വരുത്തുമെന്ന് മാനവവിഭവശേഷി മന്ത്രാലയം കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. എന്നാൽ തങ്ങളുമായി ഇക്കാര്യം ചർച്ചചെയ്യാൻ പോലും കോളേജ് അധികൃതർ തയ്യാറായില്ലെന്ന് ആരോപിച്ചാണ് പാർലമെന്റ് സമ്മേളനം തുടങ്ങിയ ഇന്നലെ ലോംഗ് മാർച്ചിന് ആഹ്വാനം ചെയ്തത്. കാമ്പസിൽ നിന്ന് 15 കിലോമീറ്റർ അകലെ പാർലമെന്റിലേക്ക് നടന്നെത്തി പ്രതിഷേധിക്കാനായിരുന്നു തീരുമാനം.
വിദ്യാർത്ഥികൾ പുറത്തിറങ്ങാതിരിക്കാൻ ഇന്നലെ രാവിലെ തന്നെ കാമ്പസിന് മുന്നിലെ പ്രധാന കവാടം പൊലീസ് ബാരിക്കേഡ് ഉയർത്തി അടച്ചു. മാർച്ച് കടന്ന് പോകുമെന്ന് അറിയിച്ചിരുന്ന വഴികളിലും ബാരിക്കേഡുകൾ നിരത്തി. പതിനൊന്ന് മണിക്ക് പൊലീസ് കാമ്പസിൽ 144 പ്രഖ്യാപിച്ചു. പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ യു.ജി.സി മുൻ വൈസ് ചെയർമാൻ പ്രൊഫ. വി എസ്. ചൗഹാൻ ഉൾപ്പെട്ട മൂന്നംഗ സമിതയെ നിയോഗിച്ചതായി പതിനൊന്നരയോടെ പൊലീസ് അറിയിച്ചു. ഇവരുടെ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്ന് മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ അറിയിപ്പും വന്നു.
എന്നാൽ, സർവകലാശാല അധികൃതർ അനങ്ങുന്നില്ലെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ 11.40ന് മാർച്ചുമായി മുന്നോട്ട് പോയി. ബാരിക്കേഡുകൾ തള്ളിമാറ്റി അയ്യായിരത്തോളം വിദ്യാർത്ഥികൾ തെരുവിലിറങ്ങി. റോഡിൽ രണ്ടിടത്തായി സ്ഥാപിച്ച ബാരിക്കേഡുകൾ ചാടിക്കടന്ന് നീങ്ങിയവർക്ക് നേരെ പൊലീസ് ലാത്തി വീശുകയായിരുന്നു. കുറേപ്പേരെ ഇതിനിടെ അറസ്റ്റ് ചെയ്തു. സംഘർഷം വകവയ്ക്കാതെ ആയിരത്തോളം വിദ്യാർത്ഥികൾ ഇടറോഡിലൂടെയും മറ്റും പാർലമെന്റ് ലക്ഷ്യമാക്കി നീങ്ങി. ഇവർ തുഗ്ലക്ക് റോഡിലെത്തിയതോടെ പൊലീസ് തടഞ്ഞതോടെ വീണ്ടും സംഘർഷമുണ്ടായി. വി.സി നേരിട്ടെത്തി പ്രശ്‌നം ചർച്ചചെയ്യാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നുറപ്പിച്ചാണ് വിദ്യാർത്ഥികൾ രാത്രി വൈകിയും തുഗ്ലക്ക് റോഡിൽ കുത്തിയിരുന്നത്.
വാഹനത്തിലിട്ടും അടിച്ചെന്ന് വിദ്യാർത്ഥികൾ സമരവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത തങ്ങളെ വാഹനത്തിലിട്ടും മർദ്ദിച്ചതായി ജെ.എൻ.യു വിദ്യാർത്ഥികളുടെ പരാതി. നേതാക്കളടക്കം 58 വിദ്യാർത്ഥികളാണ് ഈ ആരോപണവുമായി എത്തിയത്. അറസ്റ്റിലായവരെ കൽകാജി, ഫത്തേപൂർ ബെഹ്റി, ബദർപൂർ, ഡൽഹി കന്റോൺമെന്റ് പൊലീസ് സ്റ്റേഷനുകളിലേക്കാണ് മാറ്റിയത്.