ന്യൂഡൽഹി: മദ്രാസ് ഐ.ഐ.ടിയിലെ മലയാളി വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണം ഇന്നലെ പാർലമെന്റിൽ ഉന്നയിച്ച എൻ.കെ. പ്രേമചന്ദ്രൻ കുറ്റക്കാർക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ നടപടിയെടുക്കുമെന്ന് മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാൽ മറുപടി നൽകി.
അടിയന്തര പ്രമേയത്തിന് അനുമതി കിട്ടാത്തതിനെ തുടർന്ന് പ്രേമചന്ദ്രൻ ശൂന്യവേളയിൽ സബ്മിഷനായി വിഷയം ഉന്നയിക്കുകയായിരുന്നു. കൊടിക്കുന്നിൽ സുരേഷും ഡി.എം.കെ നേതാവ് കനിമൊഴിയും പിന്തുണച്ച് സംസാരിച്ചു.
കഴിഞ്ഞ വർഷം ഒരു അദ്ധ്യാപകനും നാല് വിദ്യാർത്ഥികളും മദ്രാസ് ഐ.ഐ.ടിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. മതപരമായ വിവേചനവും അധിക്ഷേപവും ഉൾപ്പെടെ നേരിടേണ്ടി വന്നതാണ് ഫാത്തിമയുടെ മരണത്തിന് കാരണമെന്ന് ആരോപണമുണ്ടെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.
സത്പേരിന് കളങ്കമുണ്ടാക്കിയെന്ന് ആരോപിച്ച് മദ്രാസ് ഐ.ഐ.ടി അധികൃതർ ഫാത്തിമ ലത്തീഫിന്റെ പിതാവിനെതിരെ പരാതി നൽകിയെന്ന് വാർത്തയുണ്ട്. ഇത് നിർഭാഗ്യകരമാണ്. ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം നടത്തണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
വിവിധ ഐ.ഐ.ടികളിൽ കഴിഞ്ഞ 10 വർഷത്തിനിടെ 52 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് തുടർന്ന് സംസാരിച്ച തൂത്തുക്കുടി എം.പി കനിമൊഴി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനവുമായി ബന്ധപ്പെട്ട് 72 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് ലജ്ജാകരമാണ്.
അതിനിടെ, ഫാത്തിമയുടെ മരണം ലോക്സഭ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടി ഇന്നലെ നോട്ടീസ് നൽകി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ഡൽഹിയിൽ ചേർന്ന മുസ്ലിംലീഗ് ദേശീയ കമ്മിറ്റിയും ആവശ്യപ്പെട്ടു.