ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന് ജാമ്യം നിഷേധിച്ച വിധിയിലെ ചില ഭാഗങ്ങൾ രോഹിത് ടണ്ടൺ കേസിലെ വിധിയുടെ പകർപ്പാണെന്ന ആരോപണം ഡൽഹി ഹൈക്കോടതി നിഷേധിച്ചു. രണ്ട് ദേശീയ ദിനപത്രങ്ങളിൽ വന്ന വാർത്ത സ്വമേധയാ പരിഗണിച്ച ജസ്റ്റിസ് സുരേഷ് കുമാർ കെയ്റ്റ് വാർത്ത നിർബന്ധമായും തിരുത്തി നൽകാൻ രണ്ടു പത്രങ്ങളുടെയും ചീഫ്എഡിറ്റർമാർക്ക് നിർദ്ദേശവും നൽകി.
ചിദംബരത്തിന് ജാമ്യം നിഷേധിച്ചുള്ള വിധിയിലെ 34-ാം ഖണ്ഡികയിൽ രോഹിത് ടണ്ടൺ കേസിലെ ചില ഭാഗങ്ങൾ പരാമർശിക്കുക മാത്രമാണ് ചെയ്തതെന്ന് ജസ്റ്റിസ് സുരേഷ് കുമാർ കെയ്റ്റ് വ്യക്തമാക്കി.
ചിദംബരത്തിനെതിരായ ആരോപണങ്ങൾ ഗൗരവമുള്ളതെന്നു നിരീക്ഷിച്ച് നവംബർ 15നാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജസ്റ്റിസ് സുരേഷ് കെയ്റ്റ് ജാമ്യം നിഷേധിച്ചത്.
വിധിയിലെ 34, 35 ഖണ്ഡികകളിലെ ഭാഗങ്ങൾ ചിദംബരം കേസുമായി ബന്ധമില്ലാത്തതാണെന്നാണ് മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടിയത്. നോട്ടുനിരോധനത്തിനു ശേഷം നോട്ടുകൾ മാറ്റിയെടുക്കാനുള്ള കാലാവധിക്കുള്ളിൽ 31.75 കോടിയുടെ കള്ളപ്പണം വെളിപ്പിച്ചെന്ന് ആരോപിച്ചാണ് അഭിഭാഷകനായ രോഹിത് ടണ്ടനെതിരെ ഇ.ഡി കേസെടുത്തത്. ഈ കേസിൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ ഭാഗം പകർത്തിയെന്നാണ് ആരോപണം. ഇതോടെ, വിധിയിലെ വസ്തുതാപരമായ തെറ്റ് തിരുത്താൻ ആവശ്യപ്പെട്ട് ഇ.ഡി ഹൈക്കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തു.
ജാമ്യം നിഷേധിച്ചതിനെതിരെ ഇന്നലെ ചിദംബരം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. 'കോപ്പി പേസ്റ്റ്' ആരോപണം സുപ്രീംകോടതിയിൽ ചിദംബരത്തിന്റെ അഭിഭാഷകൻ കപിൽ സിബൽ ഉന്നയിച്ചു. ജാമ്യാപേക്ഷ ഇന്നോ നാളെയോ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ വ്യക്തമാക്കി.
ഡി.കെ ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ കഴിഞ്ഞദിവസം കോപ്പിയടി ആരോപണം ഉയർന്നിരുന്നു. കർണാടകയിലെ മുൻ മന്ത്രിയായ ഡി.കെ ശിവകുമാറിനെ മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയെന്നാണ് ഇ.ഡി ഹർജിയിൽ വിശേഷിപ്പിച്ചത്.ഇത് ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരത്തിനെതിരെ നൽകിയ ഹർജിയുടെ പകർപ്പാണെന്നു ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ആവശ്യം ജസ്റ്റിസ് നരിമാൻ അദ്ധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു.