maharashtra-

ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ എൻ.സി.പിയും കോൺഗ്രസുമായി ചേർന്ന് ബി.ജെ.പി ഇതര സർക്കാരുണ്ടാക്കാനുള്ള ശിവസേനയുടെ നീക്കങ്ങൾ വീണ്ടും അനിശ്‌ചിതത്വത്തിൽ.

ശിവസേനയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സർക്കാരിന് പിന്തുണ നൽകുന്ന കാര്യത്തിൽ ഇന്നലെ ഡൽഹിയിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും എൻ.സി.പി നേതാവ് ശരത് പവാറും നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനമായില്ല. രണ്ടു ദിവസത്തിനുള്ളിൽ ഇരു പാർട്ടികളിലെയും നേതാക്കൾ ഡൽഹിയിൽ വിശദ ചർച്ച നടത്തും. ശിവസേനയുമായി ചേരുന്നതിൽ കോൺഗ്രസിനുള്ളിൽ തുടരുന്ന ഭിന്നതയാണ് തീരുമാനം നീളാൻ ഇടയാക്കുന്നത്

മലക്കം മറിഞ്ഞ്

ശരത് പവാർ

ശിവസേന-എൻ.സി.പി-കോൺഗ്രസ് പാർട്ടികൾ ചേർന്ന് രൂപീകരിക്കുന്ന സർക്കാർ സ്വീകരിക്കേണ്ട പൊതുമിനിമം പരിപാടിക്ക് ഇന്നലെ നടന്ന സോണിയ-പവാർ ചർച്ചയിൽ അന്തിമ രൂപം നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ പൊതുമിനിമം പരിപാടിയോ, ശിവസേനയ്‌ക്ക് പിന്തുണ നൽകുന്ന കാര്യമോ ചർച്ച ചെയ്‌തില്ലെന്ന് സോണിയാ ഗാന്ധിയുടെ ഡൽഹി ജൻപഥ് പത്താം നമ്പർ വസതിയിൽ ഇന്നലെ നാല് മണിക്ക് നടന്ന യോഗത്തിനു ശേഷം ശരത് പവാർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

'ശിവസേന-ബി.ജെ.പി സഖ്യവും എൻ.സി.പി-കോൺഗ്രസ് സഖ്യവും രണ്ടു ചേരിയിലാണ് മത്സരിച്ചത്. അവർക്ക് അവരുടെ വഴി നിശ്‌ചയിക്കാം. ഞങ്ങളുടെ രാഷ്ട്രീയം ഞങ്ങളും'-.ശിവസേനയും എൻ.സി.പിയും ചേർന്നുള്ള സർക്കാർ രൂപീകരണ സാദ്ധ്യതകളെക്കുറിച്ചുള്ള ചോദ്യത്തിന് പവാറിന്റെ മറുപടി ഇതായിരുന്നു മഹാരാഷ്‌ട്രയിലെ രാഷ‌്ട്രീയ സാഹചര്യം സോണിയയെ ധരിപ്പിച്ചെന്നും പവാർ പറഞ്ഞു. 170 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന ശിവസേനയുടെ അവകാശവാദത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അതേപ്പറ്റ് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. .


ശിവസേനയ്‌ക്ക് പിന്തുണ നൽകി സർക്കാരിന്റെ ഭാഗമാകണമെന്ന നിലപാടിലാണ് കോൺഗ്രസിന്റെ മഹാരാഷ്‌ട്രാ ഘടകം. എന്നാൽ,ഇക്കാര്യത്തിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കും വിയോജിപ്പുണ്ട്. ധൃതിപിടിച്ച് തീരുമാനമെടുക്കരുതെന്നാണ് അവരുടെ നിലപാട്. മഹാരാഷ്‌ട്രയിൽ സർക്കാരിന്റെ ഭാഗമായതുകൊണ്ട് കോൺഗ്രസിന് നേട്ടമില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. അടുത്ത ദിവസങ്ങളിൽ രണ്ടു പാർട്ടിയിലെയും നേതാക്കൾ ഒന്നിച്ചിരുന്ന് ഈ ഭിന്നത പരിഹരിക്കാനാണ് തീരുമാനം. ശിവസേനയുമായുള്ള സഖ്യത്തിൽ വ്യക്തത വരാനുണ്ടെന്ന് ചില കോൺഗ്രസ് നേതാക്കൾ സൂചിപ്പിച്ചു.

പ്രതീക്ഷ വിടാതെ

ശിവസേന

അതേ സമയം, എൻ.സി.പി-കോൺഗ്രസ് പിന്തുണ ഉറപ്പാക്കി പൊതുമിനിമം പരിപാടിയോടെ ശിവസേന സർക്കാരുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ്.ശിവസേന. കോൺഗ്രസ് വഴങ്ങുമെന്നാണ് അവരുടെ പ്രതീക്ഷ. ശിവസേനാ നേതാവും എംപിയുമായ സഞ്ജയ് റാവത്ത് ഡൽഹിയിൽ ഇന്നലെ പവാറിനെ കണ്ട് ചർച്ച നടത്തി.