ന്യൂഡൽഹി: ഫീസ് വർദ്ധനയടക്കമുള്ള വിഷയങ്ങളിൽ കഴിഞ്ഞ 20ഓളം ദിവസമായി നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് ചർച്ചയ്ക്ക് പോലും തയാറാകാത്ത വി.സി രാജിവയ്ക്കും വരെ സന്ധിയില്ലാ സമരത്തിന് ആഹ്വാനം ചെയ്ത് ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ. ജെ.എൻ.യുവിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ചെയർപേഴ്‌സൺ ഐഷി ഘോഷ് ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന ആവശ്യങ്ങൾക്കായി പോരാടിയ വിദ്യാർത്ഥികൾക്ക് നേരെ നരനായാട്ടാണ് പൊലീസും കേന്ദ്രസേനയും അഴിച്ചുവിട്ടത്. ജെ.എൻ.യുവിലെ ഹോസ്റ്റൽ ഫീസ് വർദ്ധനവ് പൂർണമായും പിൻവലിച്ചാൽ മാത്രമെ ക്ലാസ് പുനരാരംഭിക്കാൻ അനുവദിക്കുകയുള്ളു. പരീക്ഷകൾ നേരത്തെ പ്രഖ്യാപിച്ച് സമരം പൊളിക്കാൻ അനുവദിക്കില്ലെന്നും ഐഷി അറിയിച്ചു.
പ്രതിഷേധത്തിനിടെ പരിക്കേറ്റ അന്ധ വിദ്യാർത്ഥി ശശി ഭൂഷൺ പാണ്ഡേ അടക്കമുള്ള വിദ്യാർത്ഥികൾ തങ്ങൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെക്കുറിച്ച് പത്രസമ്മേളനത്തിൽ പറഞ്ഞു. വിദ്യാർത്ഥികളെക്കുറിച്ച് തെറ്റായ വാർത്ത നൽകിയ ദേശീയ മാദ്ധ്യമങ്ങൾക്ക് നേരെയും സമ്മേളനത്തിൽ പ്രതിഷേധമുണ്ടായി. ഇത് നേരിയ തോതിൽ വാക്ക് തർക്കത്തിനും കാരണമായി.വിദ്യാർത്ഥി സമരത്തിനെതിരെയുള്ള പൊലീസ് നടപടിക്കെതിരെ ജെ.എൻ.യുവിലെ അദ്ധ്യാപക സംഘടനയും രംഗത്ത് വന്നു. ക്യാമ്പസിൽ അദ്ധ്യാപക സംഘടന പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു.
വിദ്യാർത്ഥികൾക്കെതിരെ എഫ്.ഐ.ആർ.
പ്രതിഷേധത്തിനിടെ അറസ്റ്റിലായ 58 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തതിന് പിന്നാലെ പ്രതിഷേധക്കാർക്കെതിരെ ഡൽഹി പൊലീസ് എഫ്.ഐ.ആർ.രജിസ്ട്രർ ചെയ്തു. ജെ.എൻ.യുവിലെ ഇടത് വിദ്യാർത്ഥികൾ കഴിഞ്ഞദിവസം രാജ്യതലസ്ഥാനത്ത് നടത്തിയ പ്രതിഷേധത്തിനിടയിൽ അജ്ഞാതരായ അക്രമികളും ഉണ്ടായിരുന്നുവെന്നാണ് ഡൽഹി പൊലീസിന്റെ ആരോപണം.
പ്രതിഷേധം ഇരുസഭകളിലും
ജെ.എൻ.യു വിഷയം ഇന്നലെ പാർലമെന്റിന്റെ ഇരുസഭകളെയും കലുഷിതമാക്കി. ലോക്‌സഭയിൽ ഇടത് എം.പിമാരും ആർ.എസ്.പിയും മുസ്ലീംലീഗും തൃണമൂൽ കോൺഗ്രസും ജെ.എൻ.യു വിഷയത്തിൽ അടിയന്തിര പ്രമേയ നോട്ടീസ് നൽകിയിരുന്നു. അനുമതി നിഷേധിച്ചതിനെത്തുടർന്നുണ്ടായ പ്രതിഷേധത്തിൽ ഉച്ചയ്ക്ക് രണ്ട് മണിവരെ ലോക്‌സഭ നിറുത്തിവച്ചു. സി.പി.ഐ രാജ്യസഭാ എം.പി ബിനോയ് വിശ്വമാണ് ജെ.എൻ.യു വിഷയം രാജ്യസഭയിൽ ഉന്നയിച്ചത്. സഭ നിറുത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് എം.പി ആവശ്യപ്പെട്ടു.