ന്യൂഡൽഹി: ഇടത് എംപിമാർ രാജ്യസഭാ നടപടികൾ അനാവശ്യമായി തടസപ്പെടുത്തിയെന്ന് പാർലമെന്ററികാര്യ സഹമന്ത്രികൂടിയായ വി.മുരളീധരൻ പറഞ്ഞു. ഇടത് എംപിമാരായ സോമപ്രസാദ്, ബിനോയ് വിശ്വം, കെ. കെ. രാഗേഷ് എന്നിവർക്ക് ജെ.എൻ.യു, ഫാത്തിമ വിഷയങ്ങൾ ഉന്നയിക്കാൻ അനുമതി ലഭിച്ചിട്ടും മനപൂർവ്വം നടപടികൾ തടസപ്പെടുത്തിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സഭ തടസപ്പെടുത്തി മാദ്ധ്യമ ശ്രദ്ധ നേടാൻ വേണ്ടിയുള്ള നടപടികളാണ് എംപിമാരുടെ ഭാഗു നിന്നുണ്ടായതെന്നും ഫേസ്ബുക്ക് കുറിപ്പിൽ വി. മുരളീധരൻ ചൂണ്ടിക്കാട്ടി.
എന്നാൽ വി.മുരളീധരന്റെ പ്രസ്‌താവന വസ്‌തുതാ വിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമാണെന്ന് സി.പി.എം എംപി ഇളമരം കരീം പ്രതികരിച്ചു. ഇടത് എംപിമാർ നൽകിയ അടിയന്തിര പ്രമേയ നോട്ടീസുകൾക്ക് രാജ്യസഭാ അദ്ധ്യക്ഷൻ അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവർ ബഹളം വയ്‌ക്കുകയോ നടുത്തളത്തിൽ ഇറങ്ങുകയോ ചെയ്‌തിട്ടില്ല. ഇതിനിടെ സഭ രണ്ടുമണിവരെ നിറുത്തിവച്ചു. കഴിഞ്ഞ സമ്മേളനത്തിൽ സഭാ നടപടികൾ ലംഘിച്ച് 370-ാം ചട്ടം റദ്ദാക്കിയ ബിൽ അവതരിപ്പിച്ചതിൽ പ്രതിഷേധിച്ച് നടുത്തളത്തിൽ ഇറങ്ങിയിട്ടുണ്ടെന്നും എളമരം കരീം പറഞ്ഞു. പ്രക്ഷുബ്ദ്ധമായ അന്തരീക്ഷത്തിലും തങ്ങൾക്കു താത്‌പര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ സർക്കാരിന് മടിയില്ല. പ്രധാനപ്പെട്ട 2 വിഷയങ്ങൾ ഉന്നയിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഇടതുപക്ഷം സഭാ നടപടികൾ തടസ്സപ്പെടുത്തി എന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.