lok-sabha-

ന്യൂഡൽഹി: ഗാന്ധി കുടുംബത്തിന്റെ എസ്.പി. ജി സുരക്ഷ നീക്കിയതിലും ഫീസ് വർദ്ധനയ്ക്കെതിരെ പ്രതിഷേധിച്ച ജെ.എൻ.യു വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയിലും പ്രതിഷേധിച്ച് ലോക്സഭയിൽ ഇന്നലെയും പ്രതിപക്ഷബഹളം. ചോദ്യോത്തരവേളയും ശൂന്യവേളയും ബഹളത്തിൽ മുങ്ങിയതോടെ ഉച്ചയ്ക്ക് മൂന്നുവരെ സഭ നിറുത്തിവച്ചു.


രാവിലെ സഭ സമ്മേളിച്ചതോടെ എസ്.പി.ജി വിഷയം ഉയർത്തിയ കോൺഗ്രസ് എം.പിമാർ പ്രതിഷേധം തുടങ്ങി. ഇതിനിടെ ആഭ്യന്തരമന്ത്രി അമിത്ഷാ സഭ വിട്ടു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമുള്ള എസ്.പി.ജി സുരക്ഷ ഒഴിവാക്കിയ വിഷയം സഭ നിറുത്തിവച്ച് ചർച്ചചെയ്യാൻ കോൺഗ്രസ് സഭാകക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി നോട്ടീസ് നൽകിയിരുന്നെങ്കിലും അനുവദിച്ചില്ല.

നടുത്തളത്തിലിറങ്ങി പ്രതിഷേധം തുടർന്നതോടെ, കർഷക പ്രശ്നങ്ങൾ ഇന്ന് ചർച്ചചെയ്യാനുണ്ടെന്നും സഭനടത്തിക്കൊണ്ടുപോകാൻ സഹകരിക്കണമെന്നും സ്പീക്കർ ഓം ബിർള ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയ കോൺഗ്രസ് എം.പിമാർ വാക്കൗട്ട് നടത്തി.
ജെ.എൻ.യു വിദ്യാർത്ഥികൾ അവരുടെ മൗലികാവകാശത്തിന് വേണ്ടിയാണ് സമരം ചെയ്യുന്നതെന്നും അവരെ സി.ആർ.പി.എഫിനെയും പോലീസിനെയും ഉപയോഗിച്ച് അമർച്ച ചെയ്യുന്നത് ജനാധിപത്യ സംസ്കാരത്തിന് യോജിച്ചതല്ലെന്നും ടി.എൻ എം.പി പ്രതാപൻ പറഞ്ഞു. ശൂന്യവേളയിലെ ബഹളത്തിനിടെ എം.പിമാരായ കൊടിക്കുന്നിൽ സുരേഷും എൻ.കെ. പ്രേമചന്ദ്രനും കേരളത്തിലെ വാളയാർ വിഷയവും ഉയർത്തിക്കാട്ടി.