amitsha-

ന്യൂഡൽഹി: അസമിന് സമാനമായി രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റർ (എൻ‌.ആർ.‌സി) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ അറിയിച്ചു. ഇന്ത്യയിലെ എല്ലാ പൗരന്മാരേയും ദേശീയ പൗരത്വ രജിസ്റ്ററിൽ ഉൾക്കൊള്ളിക്കുമെന്നും രജിസ്റ്ററിന് മതത്തിന്റെ പേരിൽ യാതൊരു വിവേചനവുമുണ്ടാകില്ലെന്നും അദ്ദേഹം രാജ്യസഭയിൽ വ്യക്തമാക്കി. രജിസ്റ്ററിൽ നിന്ന് ഒഴിവായവർക്ക് നിയമപരമായി ട്രിബ്യൂണലിനെ സമീപിക്കാം. പാവപ്പെട്ടവർക്ക് അഭിഭാഷകനെ നിയമിക്കുന്നതിനുള്ള ചെലവ് സർക്കാർ വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ പൗരത്വ രജിസ്റ്ററിന്റെ നടപടിക്രമങ്ങൾ സുപ്രീം കോടതിയുടെ മേൽ നോട്ടത്തിലാണ് മുന്നോട്ട് പോകുന്നത്. ആരേയും ഒഴിവാക്കാനല്ല എല്ലാ ഇന്ത്യൻ പൗരന്മാരേയും രജിസ്റ്ററിൽ ഉൾക്കൊള്ളിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പൗരത്വ ഭേദഗതി ബില്ലിന് എൻ.ആർ.സിയുമായി ബന്ധമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദു, സിഖ്, പാഴ്സി , ക്രിസ്ത്യൻ , ജൈന വിഭാഗങ്ങളിലെ അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകേണ്ടതുണ്ട്. പാകിസ്ഥാൻ , ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ മതത്തിന്റെ പേരിൽ വിവേചനം നേരിട്ട് ഇന്ത്യയിലേക്ക് വന്നവർക്കാണ് പൗരത്വം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, രാജ്യവ്യാപകമായി നടപ്പാക്കുന്ന സമയത്ത് അസമിൽ എൻ.ആർ.സി വീണ്ടും നടത്തുമെന്നും അമിത് ഷാ രാജ്യസഭയിൽ അറിയിച്ചു. അസമിൽ എൻ‌.ആർ.‌സി അന്തിമപട്ടികയിൽ നിന്നും 19 ലക്ഷത്തിലധികം പേരാണ് പുറത്തായത്.

 പശ്ചിമ ബംഗാളിൽ നടക്കില്ല

പശ്ചിമ ബംഗാളിൽ എൻ‌.ആർ.‌സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി. മതത്തിന്റെ പേരിൽ ജനങ്ങൾക്കിടയിൽ വിഭജനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. ആരുടെയും പൗരത്വം കവർന്നെടുക്കാൻ ബംഗാളിൽ ആർക്കും കഴിയില്ലെന്നും തൻെറ സർക്കാർ ആളുകളെ വർഗീമായി വിഭജിക്കില്ലെന്നും മമത പറഞ്ഞു.