ന്യൂഡൽഹി: കൊല്ലം റയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള പുനർ വികസന പദ്ധതി തയ്യാറാക്കാൻ റെയിൽ ലാൻഡ് ഡെവലപ്മെന്റ് അതോറിറ്റിയെ ചുമതലപ്പെടുത്തിയതായി കേന്ദ്ര റയിൽവേ മന്ത്രി പീയുഷ് ഗോയൽ എൻ.കെ. പ്രേമചന്ദ്രൻ എംപിയെ അറിയിച്ചു.
സ്റ്റേഷൻ വികസനത്തിന്റെ സാദ്ധ്യതാപഠനം, സമഗ്ര ആസൂത്രണം, നഗര രൂപകല്പന, എൻജിനീയറിംഗ്, വിശദമായ പദ്ധതി രൂപരേഖ എന്നിവ തയ്യാറാക്കാൻ കൺസൾട്ടന്റിനെ നിയമിക്കുന്നതിനുളള നടപടികൾ ആരംഭിച്ചെന്നും ലോക്‌സഭയിൽ മന്ത്രി മറുപടി നൽകി.
സാങ്കേതികവും സാമ്പത്തികവുമായി സാദ്ധ്യതകൾ പരിശോധിച്ച് പഠനങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ ഏജൻസികൾ മുഖേന പദ്ധതി നടപ്പാക്കും. വിവിധ നഗരങ്ങൾ, തീർത്ഥാടന കേന്ദ്രങ്ങൾ, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നടപ്പാക്കുന്ന പദ്ധതി പ്രകാരം ഗുജറാത്തിലെ ഗാന്ധിനഗറിലും ഭോപ്പാലിലെ ഹാബിബ്ഗാനിലും ഇപ്പോൾ പ്രവൃത്തികൾ നടന്നു വരികയാണെന്നും മന്ത്രി അറിയിച്ചു.
നവീകരണ പദ്ധതി
1.റയിൽവേ സ്റ്റേഷൻ പരിസരത്ത് തിരക്ക് കുറയ്‌ക്കുക,
2. നഗരത്തിന്റെ ഇരുവശങ്ങളും സ്റ്റേഷനുമായി ബന്ധിപ്പിക്കുക, 3.ഇതര ഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കുക,
4രാജ്യാന്തര നിലവാരത്തിലുളള സൂചികകൾ സ്ഥാപിക്കുക, 5.വെളിച്ചമുളള സർക്കുലേറ്റിംഗ് ഏരിയ,
6.യാത്രക്കാർക്ക് വരുന്നതിനും പോകുന്നതിനുമുള്ള സൗകര്യം, 7.വിപുലമായ പാർക്കിംഗ്