ന്യൂഡൽഹി: അയോദ്ധ്യ വിധിയിൽ അടക്കം കോൺഗ്രസ് സ്വീകരിച്ച നിലപാടിൽ മുസ്ലീം ലീഗ് പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയെ അതൃപ്തി അറിയിച്ചു. ലീഗ് ദേശീയ അദ്ധ്യക്ഷൻ ഖാദർ മൊയ്തീൻ, ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, സംഘടനാ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എന്നിവർ ഇന്നലെ സോണിയയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അതൃപ്തി അറിയിച്ചത്.
ദളിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളെ അടിച്ചമർത്തുന്ന നിലപാടാണ് കേന്ദ്രസർക്കാരിന്. അതിനാൽ ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ അകറ്റാനും പാർലമെന്റിൽ അടക്കം മതേതര കക്ഷികളെ ഒന്നിപ്പിച്ച് ന്യൂനപക്ഷ വിഷയങ്ങൾ ഏകോപിപ്പിക്കാനും കോൺഗ്രസ് മുൻകൈയെടുക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. മതേതരത്വം സംരക്ഷിക്കാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും അധികാരത്തിൽ വരേണ്ടതുണ്ട്. അയോദ്ധ്യ കേസിലെ സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെങ്കിലും ന്യൂനപക്ഷങ്ങളുടെ അവകാശവാദങ്ങൾ പാടെ അവഗണിച്ചതായി ലീഗ് ചൂണ്ടിക്കാട്ടി. പല വിഷയങ്ങളിലും വിധിയിൽ വ്യക്തതയില്ലാത്തതിനാൽ പുനഃപരിശോധനാ ഹർജി നൽകുന്ന കാര്യം ചർച്ചയിലാണ്. വിധിയുടെ കാര്യത്തിൽ കോൺഗ്രസ് മൃദു ഹിന്ദുത്വ നിലപാട് സ്വീകരിച്ചെന്ന് ലീഗ് നേതാക്കൾ പരാതിപ്പെട്ടതായും അറിയുന്നു.