ന്യൂഡൽഹി : മഹാരാഷ്‌ട്രയിൽ സർക്കാർ രൂപീകരണത്തിന് ശിവസേനയുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അനുകൂല നിലപാട് എടുത്തതായി സൂചന. എൻ. സി. പി കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.
ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതിൽ കോൺഗ്രസും എൻ. സി. പിയും ചാഞ്ചാടി നിൽക്കുകയായിരുന്നു. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തിയ എൻ. സി. പി നേതാവ് ശരദ് പവാറുമായി മണിക്കൂറുകൾക്കുള്ളിൽ തന്നെ കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തി. സമാന്തരമായി കോൺഗ്രസിന്റെ ഒരു സീനിയർ നേതാവ് ശിവസേനയുടെ സഞ്ജയ് റൗട്ടുമായും കൂടിയാലോചന നടത്തി.
കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, ജയറാം രമേശ്, മല്ലികാർജുൻ ഖാർഗെ, പൃഥ്വിരാജ് ചൗഹാൻ, കെ.സി വേണുഗോപാൽ തുടങ്ങിയവരാണ് പവാറിന്റെ വസതിയിൽ ചർച്ചയ്‌ക്ക് എത്തിയത്.. എൻ. സി. പിയിൽ നിന്ന് സുപ്രിയ സുലെ, അജിത് പവാർ, ജയന്ത് പാട്ടീൽ, നവാബ് മാലിക്ക് എന്നിവരും പങ്കെടുത്തു.
ഇന്നലത്തെ മോദി - പവാർ കൂടിക്കാഴ്ച മഹാരാഷ്‌ട്രയിൽ ബി. ജെ. പി - എൻ. സി. പി സഖ്യത്തിന്റെ സൂചനയാണെന്നും ആ കൂടിക്കാഴ്ചയിൽ കോൺഗ്രസിന് അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. അതിന് പിന്നാലെയാണ് സോണിയ അനുകൂല നിലപാട് എടുത്തതായി സൂചന വന്നത്. കോൺഗ്രസ് നേതാക്കൾ അത് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, മഹാരാഷ്‌ട്രയിലെ സർക്കാർ രൂപീകരണത്തിലെ അനിശ്ചിതത്വം നീങ്ങിയെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നുണ്ട്. തടസങ്ങളെല്ലാം നീങ്ങിയെന്നും സർക്കാർ രൂപീകരണ തീരുമാനം ഇന്ന് ഉണ്ടാവുമെന്നും ശിവസേന നേതാവ് സഞ്ജയ് റൗട്ടും പറഞ്ഞു.
മൂന്ന് പാർട്ടികൾക്കും പൊതുവായ ധാരണകൾ കണ്ടെത്താൻ ഒരു കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കാൻ ഇന്നലത്തെ ചർച്ചയിൽ ധാരണയായെന്നും ശിവസേനയോട് ഹിന്ദുത്വ അജണ്ട മയപ്പെടുത്താൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. ശിവസേന വർഗീയ നിലപാടുകൾ തുടർന്നാൽ സഖ്യ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന കോൺഗ്രസ് മുന്നറിയിപ്പ് നൽകിയെന്നാണ് സൂചന. ശിവസേനയ്‌ക്ക് അതിൽ നീരസമുണ്ടെന്നും റിപ്പോർട്ടുണ്ട്.
പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം പാർലമെന്റിൽ പവാറിനെ പ്രശംസിച്ചതോടെയാണ് മഹാരാഷ്‌ട്ര രാഷ്‌ട്രീയം പുതിയ ദിശയിലേക്ക് നീങ്ങുന്നതായി സൂചനകൾ വന്നത്. അതിന് പിന്നാലെയാണ് പവാർ മോദിയെ കണ്ടത്. പവാറിനെ അടുത്ത രാഷ്‌ട്രപതിയാക്കാമെന്ന് ബി. ജെ. പി വാഗ്ദാനം ചെയ്‌തതായും റിപ്പോർട്ട് വന്നു. അതിനിടെയാണ് കോൺഗ്രസ് നേതാക്കൾ തിടുക്കത്തിൽ പവാറുമായി കൂടിക്കാഴ്ച നടത്തിയത്.
മഹാരാഷ്‌ട്രയിലെ കർഷകരുടെ പ്രശ്‌നങ്ങളിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടാണ് ശരദ് പവാർ ഇന്നലെ മോദിയെ കണ്ടതെന്നാണ് എൻ. സി. പി പറയുന്നത്. കേന്ദ്രമന്ത്രിമാരായ അമിത് ഷായും നിർമ്മല സീതാരാമനും ചർച്ചയിൽ പങ്കെടുത്തു. മഹാരാഷ്‌ട്ര വിഷയം ചർച്ചയായോ എന്ന് വ്യക്തമല്ല.