ന്യൂഡൽഹി:ശബരിമല ക്ഷേത്രഭരണത്തിനായി പ്രത്യേക നിയമനിർമ്മാണം നടത്തണമെന്ന് സുപ്രീംകോടതി സംസ്ഥാന സർക്കാരിന് ഉത്തരവ് നൽകി. ഇതിനായി തിരുപ്പതി, ഗുരുവായൂർ മാതൃക പരിഗണിച്ചു കൂടേ എന്നും കോടതി ആരാഞ്ഞു. അക്കാര്യം പരിഗണനയിലുണ്ടെന്ന് സർക്കാർ കോടതിയെ ബോധിപ്പിച്ചു.
ജനുവരി മൂന്നാം വാരത്തിന് മുൻപായി പുതിയ നിയമത്തിന്റെ കരട് കോടതിയിൽ സമർപ്പിക്കണമെന്നും ജസ്റ്റിസ്‌മാരായ എൻ.വി. രമണ, ബി. ആർ. ഗവായി, ആർ. സുഭാഷ് റെഡ്ഡി എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.
ശബരിമല ഭരണത്തിൽ 2006ലെ ദേവപ്രശ്നത്തിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ പന്തളം രാജകുടുംബാംഗമായ രേവതിനാൾ രാമവർമ്മ രാജ നൽകിയ ഹർജിയിലാണ് ഉത്തരവ്.
നിയമം വൈകുന്നതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ബെഞ്ച്, പ്രതിലർഷം 50 ലക്ഷം പേർ എത്തുന്ന ക്ഷേത്രത്തിനായി പ്രത്യേക നിയമം വേണമെന്ന കർശന നിലപാടാണ് എടുത്തത്.
നിയമനിർമ്മാണം എന്തായെന്ന് ഇന്നലെ ഹർജി പരിഗണിച്ചയുടൻ ബെഞ്ച് ചോദിച്ചു. കൂടുതൽ സമയം വേണമെന്ന് സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിംഗ് കോൺസൽ ജി. പ്രകാശ് മറുപടി നൽകി. തുടർന്ന് മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയെ വിളിച്ചുവരുത്തി ഉച്ചയോടെ വീണ്ടും ഹർജി പരിഗണിക്കുകയായിരുന്നു.
കോടതിയുടെ ചില ചോദ്യങ്ങൾ ഉത്തരങ്ങൾ
ജസ്റ്റിസ് സുഭാഷ് റെഡ്ഡി : തിരുപ്പതി, ഗുരുവായൂർ ദേവസ്വം ബോർഡ് മാതൃകയിൽ ശബരിമലയ്ക്കായി പ്രത്യേക നിയമം നിർമ്മിച്ചു കൂടേ ?
ജയ്ദീപ് ഗുപ്ത (സർക്കാർ അഭിഭാഷകൻ): സർക്കാരിന്റെ പരിഗണനയിൽ അതുണ്ട്. കുറച്ച് സമയം വേണം.
ജസ്റ്റിസ് രമണ : എത്ര സമയം ?
ജയ്ദീപ് ഗുപ്ത : കുറച്ച് സമയം കൂടി വേണം.
ജസ്റ്റിസ് രമണ : ജനുവരിയിലെ കരട് നിയമം (തിരുവിതാംകൂർ - കൊച്ചി ഹിന്ദുസ്ഥാപന നിയമം 2019 ഭേദഗതി ബില്ലിന്റെ കരട്) ആണ് കോടതിക്ക് കൈമാറിയത്. അതിൽ പുരോഗതി ഇല്ല.
ജയ്ദീപ് ഗുപ്ത : ബില്ല് നിയമസഭ പാസാക്കണം.
ജസ്റ്റിസ് രമണ : കേരളത്തിൽ നിയമസഭ ചേരാറില്ലേ? കേരളത്തിന് പോലും കോടതി ഇടപെട്ടാലേ നിയമം കൊണ്ടു വരാൻ കഴിയൂ ?
ജി. പ്രകാശ് : ഇപ്പോൾ ശബരിമല സീസൺ ആണ്.
ജസ്റ്റിസ് രമണ : സീസണും നിയമനിർമ്മാണവും തമ്മിൽ ബന്ധം ഇല്ല. നാല് ആഴ്‌ചയ്‌ക്കകം നിയമം കൊണ്ടുവരണം. ജനുവരി മൂന്നാം വാരം ഹർജി വീണ്ടും പരിഗണിക്കും.
ജയ്ദീപ് ഗുപ്ത : സർക്കാരിനെ ഇക്കാര്യങ്ങൾ അറിയിക്കാം.
ജസ്റ്റിസ് രമണ : ഞങ്ങളുടെ ഉദ്ദേശ്യം ഒന്നേ ഉള്ളു. ശബരിമലയുടെ ഭരണനിർവഹണത്തിന് പ്രത്യേക നിയമം കൊണ്ടുവരിക. മുതിർന്ന ഉദ്യോഗസ്ഥരെ തന്നെ ആ ഭരണസംവിധാനത്തിന്റെ തലപ്പത്ത് വയ്ക്കുക.
സ്ത്രീ സംവരണത്തിൽ
കോടതിക്ക് സംശയം
ക്ഷേത്രോപദേശക സമിതിയിൽ മൂന്നിലൊന്ന് സ്ത്രീസംവരണമെന്ന ബില്ലിലെ വ്യവസ്ഥയിൽ കോടതി സംശയം പ്രകടിപ്പിച്ചു.
യുവതീപ്രവേശനത്തിന് വിരുദ്ധമായി ഏഴംഗബെഞ്ച് തീരുമാനമെടുത്താൽ വനിതാ അംഗങ്ങൾ എങ്ങനെ ശബരിമലയിൽ പ്രവേശിക്കുമെന്ന് ജസ്റ്റിസ് എൻ.വി. രമണ ചോദിച്ചു.
അതിനിടെ, യുവതീ പ്രവേശനം അനുവദിച്ച വിധി നിലനിൽക്കുകയല്ലേയെന്ന് ജസ്റ്റിസ് ബി. ആർ. ഗവായ് ചൂണ്ടിക്കാട്ടിയപ്പോൾ അത് ഇപ്പോൾ തർക്കവിഷയമാണന്നായിരുന്നു ജയദീപ് ഗുപ്തയുടെ മറുപടി.
അപ്പോൾ മറുപടി പറയാതെ ജസ്റ്റിസ് ഗവായ് ചിരിച്ചതേയുള്ളൂ.