thomas-isac-

ന്യൂഡൽഹി: ആഗസ്‌റ്റ്, സെപ്തംബർ മാസത്തെ ജി.എസ്.ടി നഷ്ടപരിഹാര ഇനത്തിൽ ലഭിക്കേണ്ട വിഹിതം കേന്ദ്ര സർക്കാർ ഉടൻ നൽകണമെന്ന് കേരളം, പശ്ചിമബംഗാൾ, ഡൽഹി, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കേരളത്തിന് 1600 കോടിയാണ് ലഭിക്കാനുള്ളത്. ഇത് കേന്ദ്ര സർക്കാരിന്റെ ഔദാര്യമല്ലെന്നും ഭരണഘടനാപരമായ അവകാശമാണെന്നും സംസ്ഥാന ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. അധിക വരുമാനം കണ്ടെത്തുന്നതിന് ഭൂമിയുടെ രജിസ്ട്രേഷൻ നികുതി അടക്കം വർദ്ധിപ്പിക്കാൻ ആലോചനയി ല്ലെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനങ്ങൾക്ക് 14ശതമാനം നികുതി വർദ്ധന ഉറപ്പു നൽകിയാണ് കേന്ദ്ര സർക്കാർ ജി.എസ്.ടി നടപ്പാക്കിയത്. നികുതി വരുമാനത്തിൽ കുറവു വന്നാൽ നഷ്‌ടപരിഹാര തുകയും സെസും വാഗ്ദാനം ചെയ്‌തിരുന്നു. കുടിശ്ശിക ലഭിക്കാത്തതിനാൽ സംസ്ഥാനങ്ങൾ പരുങ്ങലിലാണ്. ചെലവുകൾ നടത്താനാകാതെ ബില്ലുകൾ മാറ്റിവയ്‌ക്കുന്നു. വായ്പാ പരിധി 6500 കോടിയായി പരിമിതപ്പെടുത്തിയതിനാൽ കേരളത്തിന് വായ്പയെടുക്കാനും നിർവ്വാഹമില്ല. അനുവദിച്ച വായ്പാ പരിധിയിൽ ആയിരം കോടി രൂപ മിച്ചമുള്ളത് ശമ്പളത്തിനായി മാറ്റി വച്ചിരിക്കുകയാണ്.

സംസ്ഥാനങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാര പാക്കേജ് എടുത്തു കളയണമെന്ന ധനകാര്യ കമ്മിഷൻ അദ്ധ്യക്ഷന്റെ ആവശ്യം കേരളമടക്കം സംസ്ഥാനങ്ങൾ ഒന്നിച്ച് എതിർത്തുവെന്നും ഐസക് ചൂണ്ടിക്കാട്ടി.