ന്യൂഡൽഹി: വൻ വ്യവസായ ഗ്രൂപ്പുകളിൽ നിന്ന് തിരഞ്ഞെടുപ്പ് കാലത്ത് ഇലക്ടറൽ ബോണ്ടുകൾ വഴി ബി.ജെ.പിക്ക് സംഭാവന ഉറപ്പാക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ചട്ടവിരുദ്ധമായി ഇടപെട്ടുവെന്ന് കോൺഗ്രസ് ആരോപിച്ചു. മെയിൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ഏപ്രിൽ 11ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രത്യേക ഉത്തരവു പ്രകാരം ധനമന്ത്രാലയത്തിന്റെ നിയന്ത്രണങ്ങൾ മറികടന്നാണ് സംഭാവന സ്വീകരിച്ചതെന്നും വിവരാവകാശ നിയമം വഴി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും ആനന്ദ് ശർമ്മയും പറഞ്ഞു.
2018 മാർച്ചിലും ഏപ്രിലിലും കർണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായും നവംബർ-ഡിസംബർ മാസത്തിൽ ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന,മിസോറാം തിരഞ്ഞെടുപ്പിന് മുൻപും ഇലക്‌ടറൽ ബോണ്ടുകൾ റിലീസ് ചെയ്‌തു. 2018 മാർച്ചിൽ ഇലക്ടറൽ ബോണ്ടു വഴി ലഭിച്ച 222 കോടി രൂപയിൽ 95 ശതമാനവും ബി.ജെ.പിക്കാണ് ലഭിച്ചത്. സംഭാവന നൽകുന്ന ആളും സ്വീകരിക്കുന്ന പാർട്ടിയും ഉറവിടം വെളിപ്പെടുത്തേണ്ടതിനാൽ വ്യവസായ ഭീമൻമാർക്ക് കള്ളപ്പണം വെളുപ്പിക്കാൻ സർക്കാർ അനുമതിയോടെയുള്ള മാർഗമായി ഇലക്ടറൽ ബോണ്ടിനെ മാറ്റി. സുതാര്യമല്ലാത്ത ഇടപാടുകളെ റിസർവ് ബാങ്കും തിരഞ്ഞെടുപ്പ് കമ്മിഷനും എതിർത്തിരുന്നുവെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ സർക്കാർ പാർലമെന്റിൽ വെളിപ്പെടുത്തണമെന്നും നിക്ഷ്പക്ഷ അന്വേഷണം പ്രഖ്യാപിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.