chandrayan-2

ന്യൂഡൽഹി : ചന്ദ്രയാൻ - 2 ദൗത്യത്തിലെ വിക്രം ലാൻഡർ അവസാന ഘട്ടത്തിൽ വേഗത നിയന്ത്രിക്കുന്നതിലെ തകരാറ് കാരണമാണ് ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസിൽ ബഹിരാകാശ വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിംഗ് ഇന്നലെ ലോക്‌സഭയിൽ ഒരു ചോദ്യത്തിന്

രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. ആദ്യമായാണ് ചന്ദ്രയാൻ 2 ന്റെ ഹാർഡ് ലാൻഡിംഗിനെപ്പറ്റി സർക്കാർ വിശദീകരണം നൽകുന്നത്.

ഓർബിറ്ററിൽ നിന്ന് വേർപെട്ട വിക്രം ലാൻഡറിനെ 30 കിലോമീറ്റർ ഉയരത്തിൽ നിന്ന് 7.4 കിലോമീറ്റർ ഉയരം വരെ എത്തിക്കുന്ന റഫ് ബ്രേക്കിംഗ് എന്ന ആദ്യഘട്ടം വിജയകരമായിരുന്നു. ഈ ഘട്ടത്തിൽ വേഗത മുൻ നിശ്ചയപ്രകാരം സെക്കൻഡിൽ 1,683 മീറ്ററിൽ നിന്ന് 146 മീറ്ററായി കുറയ്‌ക്കാൻ കഴിഞ്ഞു.

ഫൈൻ ബ്രേക്കിംഗ് എന്ന രണ്ടാം ഘട്ടത്തിൽ ലാൻഡറിന്റെ വേഗത നിശ്ചയിച്ചിരുന്നതിലും കുറഞ്ഞു. ഇതു കാരണം ലാൻഡർ ചാഞ്ചാടി അകന്നു പോവുകയും നിശ്ചയിച്ചിരുന്ന സ്ഥലത്തിന്റെ 500 മീറ്റർ പരിധിയിൽ ഇടിച്ചിറങ്ങുകയുമായിരുന്നു. സോഫ്റ്റ് ലാൻഡിംഗ് നടത്താനായില്ല. പേടകത്തിന്റെ മറ്റ് സാങ്കേതങ്ങളെല്ലാം നന്നായി പ്രവർത്തിച്ചതിനാൽ സാങ്കേതികമായി ദൗത്യം വിജയകരമായിരുന്നുവെന്നും ജിതേന്ദ്ര സിംഗിന്റെ മറുപടിയിലും ആവർത്തിക്കുന്നു. ഇപ്പോഴും ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓർബിറ്ററിലെ എട്ട് ശാസ്ത്രീയ ഉപകരണങ്ങളും വിലപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഏഴു വർഷമാണ് ഓർബിറ്ററിന്റെ കാലാവധി.

2020ൽ ചന്ദ്രയാൻ 3 എന്ന സ്വപ്നം പൂർത്തിയാകും. 603 കോടിയാണ് ചന്ദ്രയാൻ 2ന്റെ ചെലവായത്. അടുത്ത ദൗത്യത്തിൽ ചെലവ് വീണ്ടും കുറയുമെന്നും ജിതേന്ദ്ര സിംഗ് അറിയിച്ചു.

പാളിയത് ‘വഴികാട്ടി’ സോഫ്റ്റ്‌വെയർ

വിക്രം ലാൻഡറിന്റെ പരാജയ കാരണം അതിന് വഴികാട്ടുന്ന സോഫ്‌റ്റ്‌വെയറിന്റെ തകരാറാണെന്ന് ഐ.എസ്.ആർ.ഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ ഡയറക്ടർ വി. നാരായണന്റെ സമിതി കണ്ടെത്തിയിരുന്നു. പരീക്ഷണഘട്ടങ്ങളിൽ 'ഗൈഡൻസ് സോഫ്റ്റ്‌വെയറിനു' തകരാറുണ്ടായിരുന്നില്ല. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഉപരിതലത്തോട് അടുക്കവേയുണ്ടായ അവിചാരിത മാറ്റങ്ങളാണു സോഫ്റ്റ്‌വെയർ തകരാറിലാക്കിയത്. ഫൈൻ ബ്രേക്കിംഗ് ഘട്ടത്തിൽ ലാൻഡറിന്റെ നടുക്കുള്ള ഒരു ത്രസ്റ്റർ മാത്രം പ്രവർത്തിച്ച് വേഗത സെക്കൻഡിൽ 146 മീറ്റർ എന്ന തോതിൽ കുറയേണ്ടതായിരുന്നു. സോഫ്റ്റ്‌വെയർ നിലച്ചതോടെ വേഗത നിശ്ചിത തോതിലും കുറഞ്ഞതോടെ ദിശയും തെറ്റി. ചന്ദ്രോപരിതലത്തിൽ നിന്ന് 500 മീറ്റർ മാത്രം ഉയരത്തിലാണ് ഈ തകരാറുണ്ടായത്. തുടർന്ന് വിക്രം ഇടിച്ചിറങ്ങുകയും ഇലക്‌ട്രോണിക് ഉപകരണങ്ങൾ തകരുകയും ചെയ്‌തു. അതോടെ സിഗ്നൽ അറ്റുപോയി.