ന്യൂഡൽഹി: ഐ.എസ്.എല്ലിനൊപ്പം രാജ്യത്ത് ഫുട്ബാൾ ആവേശം വാരിവിതറാൻ നവംബർ 30ന് ഐലീഗ് കൊടിയേറുന്നു. 11 ടീമുകൾ മാറ്റുരയ്ക്കുന്ന ഐലീഗിന്റെ 13-ാം പതിപ്പ് ഏപ്രിൽ അഞ്ചുവരെ നീണ്ടു നിൽക്കും. മിസോറാമിലെ ഐസ്വാളിൽ ആതിഥേയരായ ഐസ്വാൾ എഫ്സിയും കൽക്കത്ത കരുത്തരായ മോഹൻ ബഗാനും തമ്മിലാണ് ഉദ്ഘാടന മത്സരം. അന്നുതന്നെ രണ്ടാമത്തെ മത്സരത്തിൽ കോഴിക്കോട് ഗോകുലം എഫ്സിയും നെരോക്ക എഫ്.സിയും ഏറ്റുമുട്ടും.
കഴിഞ്ഞ അഞ്ചു സീസണിലും അഞ്ച് പുതിയ ചാമ്പ്യൻമാരെ സൃഷ്ടിച്ച ഐലീഗ് പുതിയ സീസണിൽ കൂടുതൽ ആവേശകരമാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. രണ്ടാം ഡിവിഷൻ ചാമ്പ്യൻമാരായ മണിപ്പൂർ ടീം ട്രോ എഫ്സി ഈ സീസണിൽ ഐലീഗിൽ അരങ്ങേറ്റം കുറിക്കും. രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്‌ത്തപ്പെട്ട ഷില്ലോംഗിലെ ലജോംഗ് എഫ്സിക്കു പകരമാണിത്. കരാറുകാരുമായുള്ള ധാരണ പ്രകാരം മുൻ ചാമ്പ്യൻമാരായ മിനർവ പഞ്ചാബ് പേരുമാറ്റി പഞ്ചാബ് എഫ്സി എന്ന പേരിലാണ് കളത്തിലിറങ്ങുക. ഈസ്‌റ്റ് ബംഗാളും സ്‌പോൺസറുടെ പേരും ചേർത്താണ് ഇറങ്ങുക. ഈ സീസണിൽ പശ്‌ചിമ ബംഗാൾ, മണിപ്പൂർ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് രണ്ടു ടീമുകളുണ്ട്.
ഗോകുലത്തിന് കരുത്തായി രാവണനും ഗാർസിയയും
ഡുറാണ്ട് കപ്പ് ജേതാക്കളെന്ന മികവുമായി സീസണിൽ ചാമ്പ്യൻഷിപ്പ് നേടാൻ സാദ്ധ്യതയുള്ള ടീമുകളിലൊന്നായി പരിഗണിക്കപ്പെടുന്ന ഗോകുലം എഫ്സിക്ക് കരുത്തായി ട്രിനിഡാഡ് ആന്റ് ടൊബാഗോയിൽ നിന്ന് നഥാനിയിൽ ഗാർസിയയും റിയൽ കാശ്‌മീരിന്റെ തമിഴ്നാട്ടുകാരനായധർമ്മരാജ് രാവണനും അണിചേർന്നു. ഡുറാണ്ട് കപ്പിൽ അടക്കം ടീമിന്റെ മികച്ച പ്രകടനത്തിന് കാരണക്കാരനായ മാർക്കസ് ജോസഫും ട്രിനിഡാഡ്കാരനാണ്. ഇന്നലെ ഡൽഹിയിൽ ഐലീഗ് 13-ാം സീസൺ ടീമുകളെ അവതരിപ്പിച്ച ചടങ്ങിൽ ഗോകുലത്തെ പ്രതിനിധീകരിച്ചത് നഥാനിയിലും ധർമ്മരാജുമായിരുന്നു. മാർക്കസിന്റെ പ്രചോദനമാണ് കേരളത്തിൽ കളിക്കാൻ അവസരമൊരുക്കിയതെന്ന് നഥാനിയിൽ പറഞ്ഞു. ഫുട്ബാൾ ഭ്രാന്തൻമാരായ കേരളത്തിൽ കളിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും കേരളകൗമുദിയോട് പറഞ്ഞു. മിഡ്ഫീൽഡറായ ഇദ്ദേഹം ഇന്ത്യയിൽ ആദ്യമായാണ്. തിരിച്ചിറപ്പള്ളിക്കാരനായ ധർമ്മരാജും ഗോകുലത്തിന്റെ ഭാഗമായതിലുള്ള സന്തോഷം പ്രകടിപ്പച്ചു. ചെന്നൈ എഫ്.സിയിൽ നിന്നാണ് ഇദ്ദേഹം കാശ്‌മീരിലേക്ക്പോയത്. നവംബർ 30ന് കോഴിക്കോട് ഇ.എം.എസ് സ്‌റ്റേഡിയത്തിൽ വൈകിട്ട് ഏഴുമണിക്ക് നെരോക്ക എഫ്സിയുമായാണ് ടീമിന്റെ ആദ്യ മത്സരം.
ടീമുകൾ: ചെന്നൈ എഫ്സി(ചെന്നൈ), പഞ്ചാബ് എഫ്സി(പഞ്ചാബ്), ഐസ്വാൾ എഫ്സി(മിസോറാം), നെരോക്ക എഫ്സി,ട്രോ എഫ്.സി(മണിപ്പൂർ), മോഹൻ ബഗാൻ, ക്വെസ് ഈസ്‌റ്റ് ബംഗാൾ(പശ്ചിമ ബംഗാൾ), ഗോകുലം എഫ്സി(കേരളം), ചർച്ചിൽ ബ്രദേഴ്സ്(ഗോവ), ഇന്ത്യൻ ആരോസ്(ഡൽഹി), റിയൽ കാശ്‌മീർ എഫ്സി(ജമ്മുകാശ്‌മീർ)