gad

ന്യൂഡൽഹി:കൊല്ലം ബൈപ്പാസിലെ അപകടങ്ങളെകുറിച്ചുള്ള പരാതികളും റിപ്പോർട്ടുകളും വാർത്തകളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യൻ റോഡ് കോൺഗ്രസ് മാർഗനിർദേശ പ്രകാരമുള്ള സുരക്ഷാക്രമീകരണങ്ങൾ ബൈപ്പാസിൽ സ്ഥാപിച്ചിട്ടുണ്ടെന്നും എൻ.കെ പ്രേമചന്ദ്രൻ എം.പിയെ ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ബൈപ്പാസ് നാലുവരിപാതയാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ബൈപ്പാസിലെ അപകടങ്ങൾക്ക് കാരണം അമിതവേഗതയും ട്രാഫിക് നിയമങ്ങളുടെ ലംഘനവുമാണെന്നാണ് ലഭിച്ചറിപ്പോർട്ട്. നാലുവരിക്കുള്ള 45 മീറ്റർ സ്ഥലം ലഭ്യമാണ്. ദേശീയപാത 66 ൽ കൊല്ലം മുതൽ കടമ്പാട്ടുകോണം വരെയുള്ള ഭാഗം നാലുവരിയാക്കുന്നതിനുള്ള വിശദമായ രൂപരേഖ തയ്യാറാക്കി വരികയാണ്. കൊല്ലം ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യത്തിന് ലോകസഭയിൽ മന്ത്രി മറുപടി നൽകുകയായിരുന്നു. കേരളത്തിലെ ദേശീയപാത വികസനത്തിനായി 457 കോടി രൂപയും ദേശീയപാത അറ്റകുറ്റപ്പണിക്കായി 128 കോടി രൂപയും 2019- 2020 ൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി മറുപടി നൽകി.