ന്യൂഡൽഹി: പ്രതിഫലം പറ്റി ഗർഭപാത്രം വാടകയ്ക്ക് നല്കുന്നതിനെ പൂർണമായി നിരോധിക്കുന്ന 'വാടക ഗർഭപാത്ര നിയന്ത്രണബിൽ' രാജ്യസഭ സെലക്ട് കമ്മിറ്റിക്ക് വിട്ടു. രണ്ടുദിവസമായി നടന്ന ചർച്ചയിൽ ബില്ലിലെ ചില വകുപ്പുകളിൽ എം.പിമാർ ഭേദഗതി ആവശ്യപ്പെട്ടതിനെതുടർന്നാണ് കേന്ദ്രസർക്കാർ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടത്. അഞ്ചോ അതിൽ കൂടുതലോ വർഷം നിയമപ്രകാരം വിവാഹിതരായി കഴിയുന്ന ദമ്പതിമാർക്ക് അടുത്ത ബന്ധുക്കളായ സ്ത്രീകളെ ഗർഭധാരണത്തിന് ആശ്രയിക്കാമെന്ന വകുപ്പിലാണ് പ്രധാനമായും ഭേദഗതി ആവശ്യമുയർന്നത്. ഏറ്റവും അടുത്ത ബന്ധു എന്നത് കൃത്യമായി നിർവചിച്ചിട്ടില്ലെന്ന് ചർച്ചയിൽ സി.പി.എമ്മിലെ അഡ്വ.കെ സോമപ്രസാദ് ചൂണ്ടിക്കാട്ടി. ഇതുമൂലം മതപരവും വിശ്വാസപരവുമായ കാരണങ്ങളാൽ അടുത്ത ബന്ധുവെന്ന പരിഗണന വാടക ഗർഭധാരണത്തിന് തടസമാകും. ഈ ന്യൂനത ബില്ലിന്റെ നിലനിൽപിനെ ബാധിക്കും.വാടക ഗർഭധാരണത്തിന് താല്പര്യമുള്ള ദമ്പതിമാർ 5 വർഷത്തെ കാലവധി പാലിക്കണമെന്നത് 2 വർഷമായി ചുരുക്കണം. സുപ്രീം കോടതിയും ഭരണഘടനയും അംഗീകരിച്ചിട്ടുള്ള ലൈംഗീക ന്യൂനപക്ഷങ്ങളെക്കുറിച്ച് ബില്ല് മൗനം പാലിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.