ന്യൂഡൽഹി: ബിൽഡർമാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന മരടിലെ ഫ്ലാറ്റുടമകളുടെ ആവശ്യം തുറന്ന കോടതിയിൽ പരിശോധിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. എച്ച്.ടു.ഒ ഫ്ലാറ്റ് ഉടമകളുടെ ഹർജിയിലാണ് ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി. കൂടുതൽ നഷ്ടപരിഹാരത്തിന് പിന്നീട് സിവിൽ കോടതിയെ സമീപിക്കാം.
നഷ്ടപരിഹാരം നൽകാനുള്ള പണം കണ്ടെത്താൻ ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതിയുടെ അനുമതിയോടെ സ്വത്തുക്കൾ വിൽക്കാൻ കെട്ടിട നിർമ്മാണ കമ്പനിയായ ഹോളിഫെയ്ത്തിന് അനുമതി നൽകി. പൊളിക്കൽ ഉത്തരവ് ഭാഗികമായി നടപ്പാക്കിയെന്ന സത്യവാങ്മൂലം ഇന്നലെ സർക്കാർ കോടതിയിൽ സമർപ്പിച്ചു. ഫ്ലാറ്റ് ഉടമകൾക്ക് ഇടക്കാല നഷ്ടപരിഹാരം നൽകുന്നതിന് 61.50 കോടി രൂപ അനുവദിച്ചതായും അറിയിച്ചു.
കെട്ടിടങ്ങൾ പൊളിക്കുന്നതിനെതിരെയും കെട്ടിട നിർമ്മാതാക്കൾക്കെതിരെയും ഒട്ടേറെ ഹർജികളാണ് കോടതിയിലെത്തിയത്. സായിറ എന്ന ഫ്‌ളാറ്റുടമ ഇന്നലെ നേരിട്ട് ഹാജരായി. എല്ലാവർക്കും പറയാനുള്ളത് പിന്നീട് കേൾക്കാമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അറിയിച്ചു.
ഫ്‌ളാറ്റ് ഉടമകൾക്ക് പറയാനുള്ളത് പ്രത്യേകം പരിശോധിക്കും. ഉടമകൾക്ക് നീതി ഉറപ്പാക്കും. മരടിലെ ഫ്‌ളാറ്റുടമകൾ നൽകിയ ഹർജികൾ ജനുവരി രണ്ടാംവാരത്തിന് ശേഷം പരിശോധിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.
നഷ്ടപരിഹാരം
25
ലക്ഷം രൂപ വീതം എല്ലാ ഫ്ളാറ്റുടമകൾക്കും
61.50
കോടി രൂപ സർക്കാർ അനുവദിച്ചത്
27.99
കോടി ഫ്ലാറ്റുടമകൾക്ക് കൈമാറി
33.51
കോടി ഉടൻ കൈമാറും