ന്യൂഡൽഹി: കേരളത്തിലെ ഇ.എസ്.ഐ ആശുപത്രികളിൽ കീമോതെറാപ്പി, ഡയാലിസിസ് യൂണിറ്റുകൾ ഉൾപ്പെടെ സ്ഥാപിച്ച് സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഇ.എസ്.ഐ കോർപ്പറേഷൻ 10.17 കോടി രൂപ അനുവദിച്ചു.
തൃശൂർ മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ ആശുപത്രിയിൽ ഒന്നര കോടി രൂപ ചെലവിൽ ഡയാലിസിസ് യൂണിറ്റ്, ഒളരിക്കര ഇ.എസ്.ഐ ആശുപത്രിയിൽ 28.35 ലക്ഷം രൂപ ചെലവിൽ കീമോതെറാപ്പി യൂണിറ്റ്, കോഴിക്കോട് ചാലപ്പുറത്ത് ഇ.എസ്.ഐ സമുച്ചയം, പേരൂർക്കട ഇ.എസ്.ഐ ആശുപത്രിയിൽ മരുന്നു പരിശോധനാകേന്ദ്രം
തുടങ്ങിയവയ്‌ക്കാണ് തുക. നേരത്തേ പദ്ധതിക്ക് ഇ.എസ്.ഐ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗീകാരം നൽകിയിരുന്നെങ്കിലും തൊഴിൽ മന്ത്രാലയം ഇത് തടഞ്ഞുവച്ചിരിക്കുകയായിരുന്നു.
പദ്ധതിപ്രകാരം 4.80 കോടി ചെലവിൽ കേരളത്തിലെ ഒൻപത് ഇ.എസ്.ഐ ആശുപത്രികളിൽ ലെവൽ വൺ ഐ.സി.യു തുടങ്ങും. വിവിധ ആശുപത്രികളിലേക്കുള്ള ലാപ്പറോസ്‌കോപ്പി യൂണിറ്റ്, എൻ.എസ്.ടി മെഷീൻ, ഓട്ടോക്ളേവ്, ഓപ്പറേഷൻ ടേബിൾ, അനസ്‌തേഷ്യാ വർക്കിംഗ് സ്‌റ്റേഷൻ എന്നിവയും പദ്ധതിയിലുണ്ട്. കോഴിക്കോട്ട് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇ.എസ്.ഐ ഡിസ്‌പെൻസറി, ബ്രാഞ്ച് ഓഫീസ്, റീജിയണൽ ഡെപ്യൂട്ടി ഡയറക്‌ടർ ഓഫീസ്, സബ് റീജിയണൽ ഓഫീസ്, സ്‌റ്റോർ എന്നിവയ്‌ക്കായാണ് ചാലപ്പുറത്ത് ഇ.എസ്.ഐ സമുച്ചയം.