plastic-waste

ന്യൂഡൽഹി: പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് ഇന്ധനമുണ്ടാക്കാൻ ഡൽഹിയിൽ പ്രത്യേക നിലയം സ്ഥാപിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ ലോക്സഭയെ അറിയിച്ചു. പ്ലാസ്റ്റിക് മാലിന്യം ഇന്ധനമാക്കി മാറ്റുന്ന പദ്ധതി ഡെറാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പെട്രോളിയം വികസിപ്പിച്ചിട്ടുണ്ട്. ഡെറാഡൂണിലെ ലാബിൽ ഒരു ടൺ പ്ലാസ്റ്റിക് മാലിന്യം ഗവേഷകർ 800 ലിറ്റർ ഡീസലാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് പ്രതിദിനം ഉത്പാദിപ്പിക്കപ്പെടുന്നത് 25000 ടൺ പ്ലാസ്റ്റിക് മാലിന്യമാണെന്നും ഇതിൽ 40 ശതമാനവും ശേഖരിക്കപ്പെടാതെ പരിസ്ഥിതിയിൽ കിടക്കുകയാണെന്നും ലോക്‌സഭയിൽ പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കറും പറഞ്ഞു.

ശുചിത്വ ഭാരത മിഷന്റെ രണ്ടാംഘട്ടമെന്ന നിലയിൽ 2022 ഓടെ പ്ലാസ്റ്റിക്കിന്റെ ഒറ്റത്തവണ ഉപയോഗം ഇല്ലാതാക്കാനുള്ള ലക്ഷ്യത്തിലാണ് കേന്ദ്രസർക്കാർ. പ്ലാസ്റ്റിക്കിന്റെ ഒറ്റത്തവണ ഉപയോഗവും ഖരമാലിന്യ സംസ്‌കരണവും ചർച്ച ചെയ്യാൻ സംസ്ഥാനങ്ങളുടെ യോഗം അടുത്ത മാസം വിളിക്കും.

പ്ലാസ്റ്റിക്കിന്റെ ഒറ്റത്തവണ ഉപയോഗം ഇല്ലാതാക്കാൻ പാർലമെന്റ് അംഗങ്ങൾ ആദ്യം പ്രതിജ്ഞയെടുക്കണമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള പറഞ്ഞു. സ്പീക്കറുടെ നിർദേശത്തെ

പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കറും കോൺഗ്രസ് സഭാനേതാവ് അധീർരഞ്ജൻ ചൗധരിയും പിന്തുണച്ചു.

പ്രതിദിനം സൃഷ്ടിക്കപ്പെടുന്ന 25,940 ടൺ പ്ലാസ്റ്റിക് മാലിന്യത്തിൽ 15,384 ടൺ ആണ് ശേഖരിക്കപ്പെടുകയും പുനരുപയോഗിക്കപ്പെടുകയും ചെയ്യുന്നത്. ബാക്കി 40 ശതമാനം പരിസ്ഥിതിയിൽ തന്നെ കിടക്കുന്നു.

# 60 പ്രധാനനഗരങ്ങളിലായി രാജ്യത്ത് പ്രതിദിനം 4059 ടൺ പ്ലാസ്റ്റിക് മാലിന്യം ദിവസവും ഉത്പാദിപ്പിക്കപ്പെടുന്നു
# 4,773 രജിസ്ട്രേഡ് പ്ലാസ്റ്റിക് നിർമ്മാണ, റീസൈക്ലിംഗ് യൂണിറ്റുകൾ രാജ്യത്തുണ്ട്.