ന്യൂഡൽഹി:രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറിക്കാണ് മഹാരാഷ്ട്ര വെള്ളിയാഴ്‌ച രാത്രി സാക്ഷിയായത്. സംസ്ഥാനത്ത് കോൺഗ്രസ് - എൻ.സി.പി - ശിവസേന സഖ്യം സർക്കാർ രൂപീകരിക്കുമെന്നും ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്നും ഉറപ്പിച്ച് കഴിഞ്ഞ ദിവസം രാത്രി ഉറങ്ങിയ ഇന്ത്യൻ ജനത രാവിലെ ഉണർന്നെഴുന്നേൽക്കുന്നത് ബി. ജെ. പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയും എൻ.സി.പി. അദ്ധ്യക്ഷൻ ശരദ് പവാറിന്റെ സഹോദരപുത്രൻ അജിത് പവാർ ഉപമുഖ്യമന്ത്രിയും ആയി സത്യപ്രതിജ്ഞ ചെയ്‌തു എന്ന വാർത്ത കേട്ടാണ്. ഒറ്റ രാത്രികൊണ്ടാണ് അജിത് പവാറും എൻ. സി. പിയിലെ ഏതാനും എം.എൽ.എ.മാരും ബി. ജെ. പി പക്ഷത്തേക്ക് കാലുമാറിയത്. ആ രാത്രി ത്രികക്ഷി സഖ്യത്തിന്റെ നേതാക്കൾ സർക്കാർ രൂപീകരണം സ്വപ്നം കണ്ട് ഉറങ്ങിയപ്പോൾ ബി. ജെ. പിയുടെ രാഷ്‌ട്രീയ ചാണക്യന്മാർ ഉണർന്നിരുന്നു, ആഴ്ചകളായി ആവിഷ്‌കരിച്ച രഹസ്യ തന്ത്രങ്ങൾ അതിനേക്കാൾ രഹസ്യമായി നടപ്പാക്കാനായി.
നാടക വഴിയിലൂടെ
22ന് വെള്ളിയാഴ്‌ച വൈകിട്ട് 5.10: കോൺഗ്രസ് - എൻ.സി.പി - ശിവസേന നേതാക്കൾ യോഗം ചേരുന്നു
വൈകിട്ട് 7.02: സഖ്യം സർക്കാരുണ്ടാക്കുമെന്ന് എൻ.സി.പി . അദ്ധ്യക്ഷൻ ശരദ് പവാർ. ശിവസേനാ അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ 5 വർഷവും മുഖ്യമന്ത്രിയാകുമെന്നും പ്രഖ്യാപനം. 23ന് മൂന്ന് കക്ഷികളുടെയും സംയുക്തവാർത്താ സമ്മേളനം പ്രഖ്യാപിക്കുന്നു.
രാത്രി 9 മണി: ശിവസേനയുമായുള്ള ചർച്ചയ്‌ക്കിടെ എൻ.സി.പി. നേതാവ് അജിത് പവാർ അഭിഭാഷകനെ കാണണമെന്ന് പറഞ്ഞ് പെട്ടെന്ന് യോഗത്തിൽ നിന്ന് പോവുന്നു.
രാത്രി 11.45: സർക്കാർ രൂപീകരിക്കാൻ അജിത് പവാറും ബി.ജെ.പിയും തീരുമാനിക്കുന്നു. എൻ.സി.പിയിലെ 11 എം.എൽ.എമാർ ഒപ്പമുണ്ടെന്ന് അജിത്തിന്റെ വാഗ്ദാനം.
11.55: ദേവേന്ദ്ര ഫഡ്നാവിസ് ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി സംസാരിക്കുന്നു. കോൺഗ്രസും മറ്റ് എൻ.സി.പി. നേതാക്കളും അറിയുന്നതിന് മുൻപ് സത്യപ്രതിജ്ഞയ്‌ക്ക് നീക്കങ്ങൾ
12. 30: ഗവർണർ ഭഗത് സിംഗ് കോഷിയാരിയെ വിവരം അറിയിക്കുന്നു. ഗവർണർ ഡൽഹി യാത്ര റദ്ദാക്കി.
23 പുലർച്ചെ 2.10: രാഷ്ട്രപതി ഭരണം പിൻവലിക്കാൻ ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ അയച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ രാഷ്‌ട്രപതി ഭരണം പിൻവലിക്കാനുള്ള വിജ്ഞാപനം തിരക്കിട്ട് തയ്യാറാക്കി
5.30: ഫഡ്നാവിസും അജിത് പവാറും മുംബയിൽ രാജ്ഭവനിൽ
5.47: രാഷ്ട്രപതി ഭരണം പിൻവലിക്കുന്ന വിജ്ഞാപനത്തിൽ
രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു
രാഷ്‌ട്രപതിയുടെ വിജ്ഞാപനം ഫാക്സ് സന്ദേശമായി ഡൽഹിയിൽ നിന്ന് രാജ്ഭവനിലെത്തുന്നു
7.50: ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും എൻ.സി.പിയുടെ അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യുന്നു
 8.01ന് - വാർത്ത ലോകം അറിയുന്നു
 8.16 മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും മോദിയുടെ അഭിനന്ദനം ട്വിറ്ററിൽ
കേന്ദ്രമന്ത്രിസഭ കൂടിയില്ല;
സവിശേഷ അധികാരം
പ്രയോഗിച്ച് മോദി
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ബി.ജെ.പി സർക്കാരിനു കളമൊരുക്കാൻ
പ്രധാനമന്ത്രി നരേന്ദ്രമോദി സവിശേഷാധികാരം പ്രയോഗിച്ചു
കീഴ്‌വഴക്കങ്ങൾ മറികടന്നാണ് രാഷ്‌ട്രപതിഭരണം പിൻവലിക്കാൻ
തീരുമാനിച്ചത്. ചട്ടപ്രകാരം കേന്ദ്രമന്ത്രിസഭ വിളിച്ചു കൂട്ടാതെ പുലർച്ചെ രാഷ്ട്രപതിഭരണം പിൻവലിക്കാൻ പ്രധാനമന്ത്രിയുടെ സവിശേഷ അധികാരം ഉപയോഗിച്ച് മോദി രാഷ്ട്രപതിക്കു ശുപാർശ നൽകുകയായിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ പ്രധാനമന്ത്രിയുടെ തീരുമാനത്തിന് മന്ത്രിസഭ പിന്നീട് അംഗീകാരം നൽകിയാൽ മതി.
രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്താനെന്ന പോലെ പിൻവലിക്കാനും കേന്ദ്രമന്ത്രിസഭ കൂടി തീരുമാനിക്കണമെന്നാണ് ചട്ടം.
നവംബർ 12ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീലിലേക്ക് തിരിക്കുന്നതിന് മിനിറ്റുകൾക്ക് മുൻപ് അടിയന്തരമായി മന്ത്രിസഭ കൂടിയാണ് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്താൻ തീരുമാനിച്ചത്.
1961ലെ ട്രാൻസാക്‌ഷൻ ഒഫ് ബിസിനസ് റൂൾസിലെ ചട്ടം 12 പ്രകാരമുള്ള അധികാരം പ്രയോഗിച്ചാണ് കേന്ദ്രമന്ത്രി സഭ കൂടാതെ രാഷ്‌ട്രപതി ഭരണം പിൻവലിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. പ്രധാനമന്ത്രിക്ക് യുക്തമെന്ന് ബോദ്ധ്യമുള്ള ഘട്ടങ്ങളിൽ ചട്ടങ്ങൾ മറികടന്ന് തീരുമാനമെടുക്കാൻ അധികാരം നൽകുന്നതാണ് ഈ വകുപ്പ്.