ഫട്നാവിസ് വീണ്ടും മുഖ്യമന്ത്രി
എൻ.സി. പി പിളർത്തിയ അജിത് പവാർ ഉപമുഖ്യമന്ത്രി
മുംബയ് / ന്യൂഡൽഹി:മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി സർക്കാരുണ്ടാക്കാൻ കച്ചമുറുക്കിയ കോൺഗ്രസ് - ശിവസേന - എൻ. സി. പി സഖ്യത്തെ വെള്ളിയാഴ്‌ച രാത്രി അതീവ രഹസ്യമായി നടപ്പാക്കിയ തന്ത്രങ്ങളിലൂടെ അട്ടിമറിച്ച് ബി. ജെ. പി - എൻ. സി. പി സഖ്യ സർക്കാർ അധികാരമേറ്റു.
ഉദ്ധവ് താക്കറെയുടെ മുഖ്യമന്ത്രി സ്വപ്നം തല്ലിക്കെടുത്തി ബി. ജെ. പി യുടെ ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചുക്കാൻ പിടിച്ച അട്ടിമറിയിൽ എൻ. സി. പിയെ പിളർത്താൻ കരുവായ അജിത് പവാർ ഉപമുഖ്യമന്ത്രിയായും അധികാരമേറ്റു. ഇന്നലെ രാവിലെ എട്ട് മണിക്ക് സത്യപ്രതിജ്ഞ ചെയ്‌ത ഇരുവർക്കും ആശംസ അർപ്പിച്ച മോദിയുടെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് സമീപകാലത്തെ
ഏറ്റവും വലിയ രാഷ്‌ട്രീയ അട്ടിമറി രാജ്യം അറിയുന്നത്.
രഹസ്യപദ്ധതി ചോരാതിരിക്കാൻ ശനിയാഴ്‌ച പുലർച്ചെ കേന്ദ്ര മന്ത്രിസഭ പോലും വിളിച്ചു കൂട്ടാതെ പ്രധാനമന്ത്രിയുടെ സവിശേഷാധികാരം പ്രയോഗിച്ചാണ് മോദി മഹാരാഷ്ട്രയിലെ രാഷ്‌ട്രപതി ഭരണം പിൻവലിക്കാൻ രാഷ്‌ട്രപതിക്ക് ശുപാർശ നൽകിയത്. പുലർച്ചെ 5.47നാണ് ഇതുസംബന്ധിച്ച വിജ്ഞാപനത്തിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടത്. ഡൽഹിയിൽ രാഷ്‌ട്രപതി വിളിച്ച യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്ന ഗവർണർ ഭഗത് സിംഗ് കോഷിയാരിയോട് രഹസ്യദൗത്യത്തിനായി മുംബയിൽ തന്നെ തുടരാൻ നിർദ്ദേശിച്ചിരുന്നു.
മന്ത്രിസഭയ്‌ക്ക് ബി.ജെ.പി - എൻ.സി.പി അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയ കത്തു നൽകിയതിന് പിന്നാലെ രാഷ്‌ട്രപതി ഭരണം അവസാനിപ്പിക്കാൻ ഗവർണർ ഡൽഹിയിലേക്ക് ശുപാർശ നൽകിയിരുന്നു. രാഷ്‌ട്രപതിയുടെ ഉത്തരവ് ഫാക്സിൽ എത്തിയതിന് പിന്നാലെ ഫട്നാവിസും അജിത് പവാറും ഗവർണർക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. ഫട്നാവിസ് രണ്ടാം തവണയാണ് മുഖ്യമന്ത്രിയാകുന്നത്.
ശിവസേന-കോൺഗ്രസ്-എൻ.സി.പി പാർട്ടികൾ പൊതുമിനിമം പരിപാടിയിൽ
വെള്ളിയാഴ്ചയോടെ സർക്കാർ രൂപീകരിക്കാൻ തീരുമാനിച്ചിരിക്കയാണ്
അപ്രതീക്ഷിത പ്രഹരം. അമ്പരന്ന കോൺഗ്രസ് - സേന - എൻ. സി. പി സഖ്യം ഗവർണറുടെ നടപടി ചോദ്യം ചെയ്‌ത് ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇന്നലെത്തന്നെ ഹർജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെ സ്ഥലത്തില്ലായിരുന്നു. ഇന്ന് രാവിലെ 11. 30 ഹർജി പരിഗണിക്കും. പുതിയ സർക്കാർ ഇന്ന് വിശ്വാസ വോട്ട് തേടാൻ നിർദ്ദേശിക്കണമെന്ന് ശിവസേന ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
തുടർന്നു നടന്ന രാഷ്‌ട്രീയ നീക്കങ്ങളിൽ അജിത് പവാറിനെ എൻ. സി. പി നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് പുറത്താക്കി. പകരം ശരദ്പവാറിന്റെ വിശ്വസ്‌തനായ ജയന്ത് പാട്ടീലിനെ നേതാവാക്കി.
അജിത് പവാറിനൊപ്പം എൻ. സി. പിയിൽ നിന്ന് പത്ത് വിമതരാണ് ബി. ജെ. പി പക്ഷത്തേക്ക് പോയത്. ഇന്നലെ വൈകുന്നേരത്തോടെ ഇവരിൽ ഏഴ് പേരെ തിരിച്ചു കൊണ്ടുവന്നതായി എൻ. സി. പി അവകാശപ്പെട്ടു. ഇന്നലെ വിളിച്ച എൻ. സി. പി നിയമസഭാ കക്ഷിയോഗത്തിൽ 54 എം. എൽ. എമാരിൽ 50 പേരും പങ്കെടുത്തതായാണ് അവകാശവാദം. അജിത് പവാറും മറ്റ് മൂന്ന് പേരും മാത്രമാണത്രേ മറുപക്ഷത്തുള്ളത്. അജിത് പവാർ പക്ഷത്തിന് അയോഗ്യത ഒഴിവാക്കാൻ മൂന്നിൽ രണ്ട് ( 36 ) എം.എൽ.എമാരുടെ പിന്തുണ വേണം.
വെള്ളിയാഴ്ച എൻ.സി.പി - കോൺഗ്രസ് പാർട്ടികൾ ഉദ്ധവ് താക്കറെയുടെ സർക്കാരിന് പച്ചക്കൊടി കാട്ടിയിരുന്നു. അന്ന് രാത്രി തന്നെ മറുകണ്ടം ചാടിയ അജിത് പവാർ ഗവർണറെ കണ്ട് ഫഡ്നാവിസ് സർക്കാരിന് പിന്തുണ നൽകുന്ന 54 എം.എൽ.എമാർ ഒപ്പിട്ട കത്ത് നൽകി. ഈ കത്ത് ശിവസേന സർക്കാരിന് വേണ്ടി തയ്യാറാക്കിയതാണെന്നാണ് പാർട്ടി പറയുന്നത്.
എൻ.സി.പിയുടെയും 14 സ്വതന്ത്രരുടെയും സഹായത്തോടെ സർക്കാരുണ്ടാക്കാൻ 105 അംഗങ്ങളുള്ള ബി.ജെ.പി അവകാശവാദം ഉന്നയിക്കുകയായിരുന്നു. 14 സ്വതന്ത്രരുടെ കൂടാതെ ബി.ജെ.പിക്ക് ഭൂരിപക്ഷത്തിന് 26 പേരുടെ പിന്തുണ കൂടി വേണം.
രാഷ്ട്രീയ നാടകങ്ങൾ തുടരുന്നതിനിടെ എം.എൽ. എമാരെ റിസോർട്ടുകളിലേക്ക് മാറ്റാൻ കോൺഗ്രസും ശിവസേനയും ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്.