maharashtra

ന്യൂഡൽഹി : മഹാരാഷ്ട്രയിൽ അർദ്ധരാത്രിയിലെ രാഷ്‌ട്രീയ അട്ടിമറിയുടെ തുടർച്ചയായി കുതിരക്കച്ചവടത്തിനുള്ള കരുനീക്കങ്ങൾ തുടരവേ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉടൻ വിശ്വാസ വോട്ട് തേടണമെന്ന ശിവസേന - എൻ.സി.പി - കോൺഗ്രസ് സഖ്യത്തിന്റെ ഹർജിയിൽ സുപ്രീംകോടതി ഇന്ന് നിർണായക വിധി പറഞ്ഞേക്കും.

ഇന്നലെ ഞായറാഴ്ചയായിരുന്നിട്ടും ഹർജി അടിയന്തരമായി പരിഗണിച്ച മൂന്നംഗ ബെഞ്ച്,​ ഭൂരിപക്ഷം അവകാശപ്പെട്ട് ഫഡ്‌നാവിസ്, ഗവർണർ ഭഗത് സിംഗ് കോഷിയാരിക്ക് സമർപ്പിച്ച കത്തും ഫഡ്നാവിസിനെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ ഉത്തരവും ഇന്ന് രാവിലെ 10.30ന് ഹാജരാക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ഉത്തരവിട്ടു. ഫട്നാവിസിനെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാനും അദ്ദേഹത്തെ മുഖ്യമന്ത്രിയായി അവരോധിക്കാനും ഗവർണറെ പ്രേരിപ്പിച്ചത് എന്താണെന്ന് ഈ രേഖകൾ പരിശോധിച്ച് കോടതിക്ക് ബോദ്ധ്യപ്പെടണം. അതിനാലാണ് ഹ‌ർജി ഇന്നത്തേക്ക് മാറ്റിയത്.

ഇന്നലെ രാവിലെ 11.30ന് ത്രികക്ഷി സഖ്യത്തിന്റെ ഹർജി അടിയന്തരമായി പരിഗണിച്ച ജസ്റ്രിസ്‌മാരായ എൻ.വി രമണ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ച് കേന്ദ്ര സർക്കാർ, മുഖ്യമന്ത്രി ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി അജിത് പവാർ എന്നിവർക്ക് നോട്ടീസ് അയച്ചു.രേഖകൾ ഹാജരാക്കാൻ തുഷാർ മേത്ത ചൊവ്വാഴ്‌ച വരെ സമയം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. ഇവ പരിശോധിച്ചശേഷം വിശ്വാസ വോട്ടെടുപ്പ് അടക്കമുള്ള വിഷയങ്ങളിൽ തീരുമാനത്തിലെത്താമെന്നും കോടതി വ്യക്തമാക്കി.

മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ ശിവസേനയ്‌ക്കും, അഭിഷേക് സിംഗ്‌വി കോൺഗ്രസിനും എൻ.സി.പിക്കും വേണ്ടി ഹാജരായി. ബി.ജെ.പിക്കും രണ്ട് സ്വതന്ത്ര എം.എൽ.എമാർക്കുമായി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി വാദിച്ചു.

അതിനിടെ,​ കപ്പിനും ചുണ്ടിനും ഇടയിൽ സർക്കാർ മോഹം പൊലിഞ്ഞ ശിവസേന, തങ്ങളുടെ സഖ്യത്തിന് 165 എം. എൽ. എമാരുടെ പിന്തുണയുണ്ടെന്നും നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാമെന്നും ഇന്നലെ അവകാശപ്പെട്ടു. മുഖ്യമന്ത്രി ഫട്നാവിസിന് 170 എം. എൽ. എമാരുടെ പിന്തുണയുണ്ടെന്ന് ബി. ജെ. പിയും അവകാശപ്പെട്ടു. ആകെ 288 അംഗങ്ങളാണ് സഭയിൽ ഉള്ളത്.

ബി. ജെ. പി ഭൂരിപക്ഷം അവകാശപ്പെടുമ്പോൾ അതിന് അവർ ആശ്രയിച്ച എൻ. സി. പി വിമതൻ അജിത് പവാറിനൊപ്പം എത്ര എം. എൽ.എമാരുണ്ടെന്ന് ഇന്നലെയും വ്യക്തമായില്ല. താനിപ്പോഴും എൻ.സി.പിക്കാരൻ തന്നെയാണെന്നും ശരദ് പവാർ തന്നെയാണ് നേതാവെന്നുമുള്ള അജിത് പവാറിന്റെ പ്രസ്താവനയെ ശരദ് പവാർ തള്ളുകയും ചെയ്‌തു. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കില്ലെന്നും കോൺഗ്രസും ശിവസേനയുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കാൻ എൻ.സി.പി ഏകകണ്ഠമായി തീരുമാനിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

എം.എൽ.എമാരെ ചാക്കിടൽ തകൃതി

അതിനിടെ,​ കോൺഗ്രസ് എം. എൽ.എമാരെ ചാക്കിടാൻ ബി. ജെ. പി ശ്രമിക്കുന്നതായി സീനിയർ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാൻ ആരോപിച്ചു. ബി. ജെ. പി നേതാക്കൾ ബുക്ക് ചെയ്‌ത ഹോട്ടൽ മുറികളിൽ ചില കോൺഗ്രസ് എം. എൽ. എമാരെ പാർ‌പ്പിച്ചിട്ടുണ്ടെന്നും മറ്റ് ചില എം. എൽ. എമാരുമായി അവർ ബന്ധപ്പെടുന്നുണ്ടെന്നും അശോക് ചവാൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കോൺഗ്രസിൽ നിന്ന് ബി. ജെ. പിയിലേക്ക് കൂറുമാറിയ സീനിയർ നേതാവ് രാധാക‌ൃഷ്ണ വിഖെ പാട്ടീൽ,​ ശിവസേനയിൽ നിന്ന് കോൺഗ്രസ് വഴി ബി. ജെ. പി രാജ്യസഭാംഗമായ നാരായൺ റാണെ,​ എൻ. സി. പി വിട്ട് ബി. ജെ. പി എം.എൽ.എ ആയ ബാബൻ റാവു പാച്പുത് എന്നിവർക്കാണ് എം. എൽ. എമാരെ ചാക്കിടുന്ന ദൗത്യം. ചാക്കിടൽ പേടിച്ച് കോൺഗ്രസ്,​ ശിവസേന,​ എൻ. സി. പി എം. എൽ. എമാരെ മൂന്ന് ഹോട്ടലുകളിൽ പാർപ്പിച്ചിരിക്കുകയാണ്.