modi

ന്യൂഡൽഹി: രാഷ്ട്രീയത്തിൽ അല്ലായിരുന്നെങ്കിൽ നരേന്ദ്രമോദി ആരായേനെ? നമുക്ക് മറ്റൊന്നും സങ്കല്പിക്കാൻ വയ്യ! ഒരുപക്ഷേ, യോഗാദ്ധ്യാപകൻ ആയേനെയെന്ന് മുമ്പ് മോദി പറഞ്ഞിട്ടുണ്ട്. രാഷ്‌ട്രീയത്തിൽ ഇറങ്ങാൻ തീരുമാനിച്ച ദിനങ്ങളെക്കുറിച്ചാണ് ഇന്നലെ അദ്ദേഹം പറഞ്ഞത്: ഞാൻ അങ്ങനെ ആഗ്രഹിച്ചിരുന്നതേയില്ല!

പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ എൻ.സി.സി. ദിനാഘോഷങ്ങളുടെ ഭാഗമായി കേഡറ്റുകളോട് അദ്ദേഹം പറഞ്ഞു: എല്ലാ കുട്ടികളും വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകും. പലർക്കും പലതരം ആഗ്രഹങ്ങളുണ്ടാകും. ഞാൻ ഒരിക്കലും രാഷ്ട്രീയത്തിലിറങ്ങാൻ ആഗ്രഹിച്ചിരുന്നില്ല. അങ്ങനെയൊരു ചിന്ത പോലും ഉണ്ടായിരുന്നില്ല.

രാഷ്ട്രീയത്തിലെത്തിയപ്പോൾ എങ്ങനെ രാജ്യത്തിന്റെ ക്ഷേമത്തു വേണ്ടി പ്രവർത്തിക്കാമെന്നായി ചിന്ത. ഇവിടെ എത്തിയില്ലായിരുന്നെങ്കിൽ എന്നത് ഇപ്പോൾ ‍ചിന്തിക്കാറേയില്ല. ഒന്നിനെക്കുറിച്ചും ആകുലതകളില്ലാതെ രാജ്യത്തിനായി ഞാൻ പൂർണമനസോടെ സമർപ്പിച്ചിരിക്കുന്നു.

ഒരു കേഡറ്റിന് സംശയം. വായന എങ്ങനെ?​

മറുപടി: വിവരങ്ങൾ ഗൂഗിളിൽ അതിവേഗം കിട്ടുന്നതുകൊണ്ട് വായന കുറഞ്ഞു. ടി.വിയോടോ സിനിമയോടോ കൂടുതൽ താത്പര്യമില്ല. വളരെ കുറച്ചേ കാണാറുള്ളൂ. മുൻപ് ഡിസ്കവറി ചാനൽ കാണുമായിരുന്നു. സ്കൂൾ കാലത്ത് എൻ.സി.സിയിൽ ഉണ്ടായിരുന്നു. അത് അച്ചടക്കവും ആത്മവിശ്വാസവും തന്നു.

വീണ്ടും ഒരു സംശയം. എൻ.സി.സി കാലത്ത് ശിക്ഷയൊക്കെ കിട്ടിയിരുന്നോ?​

മറുപടി: അച്ചടക്കം ഉണ്ടായിരുന്നതുകൊണ്ട് ഒരിക്കലും ശിക്ഷ കിട്ടിയില്ല. ഒരിക്കൽ ക്യാമ്പിനിടെ ഞാൻ ഒരു മരത്തിൽ കയറി. ക്യാമ്പ് നിയമം തെറ്റിച്ചെന്ന് പരാതിയായി. മരത്തിൽ ഒരു പക്ഷി കഴുത്തിൽ പട്ടത്തിന്റെ ചരട് കുരുങ്ങി ഇരിപ്പുണ്ടായിരുന്നു. അതിനെ രക്ഷിക്കാനായിരുന്നു എന്റെ ശ്രമം. അതറിഞ്ഞതോടെ പരാതി അഭിനന്ദനമായി- മോദി പറഞ്ഞു.