kshithi

ന്യൂഡൽഹി: ആർ.എസ്.പി ദേശീയ ജനറൽ സെക്രട്ടറിയും പശ്ചിമബംഗാൾ മുൻ മന്ത്രിയുമായ ക്ഷിതി ഗോസാമി ( 77)അന്തരിച്ചു..ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് കൊൽക്കത്തയിൽ നടക്കും.

രണ്ട് പതിറ്റാണ്ടിലേറെ പശ്ചിമബംഗാളിൽ പൊതുമരാമത്ത് മന്ത്രിയായിരുന്നു. ബംഗാൾ ഘടകം സെക്രട്ടറി പദവും വഹിച്ചു. പ്രോഗ്രസീവ് സ്‌റ്റുഡന്റ്സ് യൂണിയനിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പാർട്ടിയുടെ കർഷക സംഘടനയായ എ.ഐ.എസ്.കെ.സിന്റെ സെക്രട്ടറിയായും പ്രവർത്തിച്ചു. 2018ൽ ഡൽഹിയിൽ നടന്ന ദേശീയ സമ്മേളനത്തിലാണ് പ്രൊഫ.ടി.ജെ ചന്ദ്രചൂഡന് പകരം ദേശീയ ജനറൽസെക്രട്ടറിയായത്.

സിംഗ് രൂർ,നന്ദിഗ്രാം വിഷയത്തിൽ സി.പി.എം നിലപാടുകൾക്കെതിരെ മന്ത്രിസഭയ്ക്കകത്തും പുറത്തും വിമർശനം ഉന്നയിച്ച ക്ഷിതി ഗോസാമി അഭിപ്രായ ഭിന്നതയുടെ പേരിൽ മന്ത്രിസഭയിൽ നിന്ന് രാജി വയ്ക്കാൻ അനുവാദം ചോദിച്ച് പാർട്ടിക്ക് കത്തെഴുതിയിരുന്നു. അഴിമതി ആരോപണങ്ങളിൽപ്പെടാതെ ഭരണമികവ് തെളിയിച്ചു.2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയും കോൺഗ്രസും സഖ്യത്തിൽ മത്സരിക്കുന്നതിനെ എതിർത്ത അദ്ദേഹം, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിനും ബി.ജെ.പിക്കുമെതിരെ കോൺഗ്രസുമായി ധാരണയുണ്ടാക്കുന്നതിനെ അനുകൂലിച്ചിരുന്നു.

ക്ഷിതി ഗോസാമിയുടെ വിയോഗം രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കാകെ നഷ്ടമാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ പറഞ്ഞു.കേരളത്തിൽ ആർ.എസ്.പി സ്വീകരിച്ച നിലപാടുകളിൽ അഭിപ്രായ വ്യത്യാസമുന്നയിച്ച പശ്ചിമബംഗാൾ നേതൃത്വത്തെ സമന്വയിപ്പിച്ച് ശക്തമായ നേതൃപാടവം തെളിയിച്ച നേതാവാണ് ക്ഷിതി ഗോസാമിയെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു.