ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ബ്രഹത്തായ വിദ്യാഭ്യാസ സമ്പ്രദായം സവിശേഷതയ്‌ക്കൊപ്പം മഹത്തായ ഒരു ഉത്തരവാദിത്തം കൂടി നിർവ്വഹിക്കുന്നുണ്ട്. രാജ്യത്തെ 33 കോടി വിദ്യാർത്ഥികളുടെ ഭാവിയാണ് വിദ്യാഭ്യാസത്തിലൂടെ രൂപമെടുക്കുന്നത്. മാനവികതയുടെ സ്‌തംഭങ്ങളായ സനാതന മൂല്യങ്ങളെ പരിചയപ്പെടുത്തുമ്പോൾ മാത്രമാണ് അവരുടെ തിളക്കമുള്ള ഭാവി സൃഷ്‌ടിക്കപ്പെടുന്നതെന്നും നമുക്ക് നല്ല ബോദ്ധ്യമുണ്ട്.
അന്തസുള്ള ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് മറ്റൊരാളുടെ അന്തസിന് തന്റെ ഒരു പ്രവൃത്തിയും തടസമാകുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വമുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരും മറ്റുള്ളവർ അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കുമ്പോൾ ക്ഷമയും സംയമനവും സഹിഷ്‌ണുതയും പാലിക്കാൻ ബാദ്ധ്യസ്ഥരാണ്.
സോവിയറ്റ് യൂണിയനിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് നമ്മുടെ ഭരണഘടനയിൽ കടമകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ വിദ്യാർത്ഥികൾക്ക് കടമകളുടെ പ്രാധാന്യം വിവരിച്ചു നൽകാൻ കഴിയുന്നതോടെ ഒരുപാടു പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. കേന്ദ്രീകൃത വിശുദ്ധ വിദ്യാഭ്യാസത്തെ കുറിച്ച് സംസാരിക്കുമ്പോൾ, നമ്മുടെ ഭരണഘടനാ കടമകൾ പ്രത്യക്ഷമോ പരോക്ഷമോ ആയി അതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് ഞാൻ വിചാരിക്കുന്നു.
നാനാത്വം നിറഞ്ഞ ഇന്ത്യ, കേവലം ഒരു രാജ്യമെന്നതിലുപരി വ്യത്യസ്‌തമായ ഓരോ കോണുകളിലും വൈവിദ്ധ്യമാർന്ന ആചാരങ്ങളും പാരമ്പര്യങ്ങളും നിലനില്‌ക്കുന്ന ഒരു ഉപഭൂഖണ്ഡമാണ് മാനവ നാഗരികതയുടെ ആദ്ധ്യാത്മിക ഭണ്ഡാഗാരത്തിലേക്ക് ഇന്ത്യൻ സംസ്‌കാരം നൽകിയ സംഭാവനകൾ വലുതാണ്. അതിനാൽ, അവയെ സംരക്ഷിക്കുന്നതിന് നാം അർപ്പണബോധമുള്ളവരാകണം. ഈ സംസ്‌കാരം നമ്മുടെ ഋഷിമാരും ദിവ്യന്മാരും സൂഫികളും അവരുടെ വിശുദ്ധമായ ജീവിത ദർശനത്തിലൂടെ അഭംഗുരം നട്ടുനനച്ച ആദ്ധ്യാത്മികതയുടെ തുടർ പ്രവാഹമാണ്. ഈ കീർത്തിയിലൂടെയാണ് ഇന്ത്യയുടെ മുഖ്യസംസ്‌കാരത്തിന് അതിന്റെ അടിത്തറ ലഭിക്കുന്നത്. ഇവിടെ ഓരോ 100 കിലോമീറ്ററും കഴിയുമ്പോൾ നമ്മുടെ നാട്ടു ഭാഷ മാറുന്നു. ഭക്ഷണശീലം മാറുന്നു, സംസ്‌കാരം മാറുന്നു.
അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ഈ ഡിജിറ്റൽ ലോകത്ത് നമുക്കു വിദ്യാഭ്യാസത്തിലൂടെ നമ്മുടെ മൂല്യങ്ങളെ എങ്ങനെ ഉയർത്താം എന്നത് വലിയ വെല്ലുവിളി തന്നെയാണ്.
ചുമതലാബോധം ബാല്യത്തിൽ സ്വമേധയാ തന്നെ സ്‌കൂളിലൂടെ ഉണ്ടാവേണ്ടതാണ് . ഞാൻ ഇപ്പോഴും ഓർക്കുന്നു ഹിമാലയൻ മേഖലയിലുള്ള, വിദൂര ഗ്രാമത്തിലെ ഞാൻ പഠിച്ച പ്രൈമറി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പകർന്നു നല്‌കുന്നതിനു മുമ്പ് എങ്ങനെ നല്ല പൗരന്മാരാകാം എന്നാണ് ഞങ്ങളെ പഠിപ്പിച്ചത്. പ്രാർത്ഥാനാ വേളയിൽ എങ്ങനെ ദേശീയപതാകയെ ബഹുമാനിക്കണം, ദേശീയഗാനത്തിന്റെ മഹത്വം എങ്ങനെ പരിപാലിക്കണം, പരിസരം എങ്ങിനെ വൃത്തിയായി സൂക്ഷിക്കണം, എല്ലാവരുമായി എങ്ങനെ ഒന്നിച്ചു പോകണം എന്നിവ ഞങ്ങൾ പഠിച്ചു. എല്ലാ വിദ്യാർത്ഥികളിലും ശാസ്ത്ര അവബോധവും ജിജ്ഞാസയും വളർത്താൻ ഞങ്ങളുടെ അദ്ധ്യാപകർ പരിശ്രമിച്ചിരുന്നു.
സമൂഹത്തിൽ കാണുന്ന എല്ലാ തിന്മകൾക്കും കാരണം മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ അഭാവമാണ് . വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകർക്കും വലിയ ധർമ്മം അനുഷ്ഠിക്കാനുണ്ട്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ചുമതലകളുടെ പ്രാധാന്യത്തിനായി പ്രത്യേകമായ സംവിധാനം വികസിപ്പിക്കുന്നതിനാണ് പുതിയ വിദ്യാഭ്യാസ നയം ശ്രമിച്ചിരിക്കുന്നത്. ഇന്ത്യൻ സമൂഹത്തിന്റെ സാമൂഹ്യ ഘടന സുദൃഢമാക്കാൻ നമുക്ക് സമാധാനപരമായ സഹകരണ മനോഭാവം അനിവാര്യമാണ്. യോജിച്ച പ്രവർത്തനത്തിന്റെയും പരസ്പര സഹകരണത്തിന്റെയും മനോഭാവം സമാധാനം സ്ഥാപിക്കും. ഈ സമാധാനമാണ് പുരോഗതിയിലേക്കുള്ള വഴിയൊരുക്കുക. ഉത്തരവാദിത്വങ്ങളെയും ചുമതലകളെയും കുറിച്ചുളള അവബോധത്തിനൊപ്പം അവ സമാധാനപരമായി നിർവഹിക്കാനുള്ള ഇച്ഛാശക്തിയും കൂടിയേ തീരൂ. അതിൽ നമ്മുടെ ജാതി, മതം, പ്രദേശം, ഭാഷ, ആചാരം തുടങ്ങിയവ സൃഷ്‌ടിക്കുന്ന പ്രതിസന്ധികൾ മറികടക്കാൻ ഏവരെയും നാം സഹായിച്ചേ പറ്റൂ. പരസ്‌പര ധാരണയിലൂടെയും സഹായത്തിലൂടെയും മാത്രമെ രാജ്യപുരോഗതി ഉറപ്പാക്കാൻ സാധിക്കുകയുള്ളൂ. നിരവധി രാജ്യങ്ങൾ പൗരബോധം എന്ന വിഷയം അവരുടെ വിദ്യാഭ്യാസ പരിപാടിയിലെ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. അവകാശങ്ങളും കടമകളും കുട്ടികൾക്ക് വിശദീകരിക്കുക വഴി നാം അവരെ സഹായിക്കുക മാത്രമല്ല, രാഷ്ട്ര പുനർനിർമ്മാണത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുക കൂടിയാണ് എന്നതിൽ സംശയമില്ല.