ന്യൂഡൽഹി: മഹരാഷ്ട്രയിലെ രാഷ്ട്രീയനാടകങ്ങളിൽ ഇന്നലെ പാർലമെന്റിന്റെ ഇരുസഭകളും തിളച്ചുമറിഞ്ഞു. മുദ്രാവാക്യം വിളിയും കൈയ്യാങ്കളിയും ഉൾപ്പെടെ പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധം അരങ്ങേറിയ സഭാതലത്തിൽ അംഗങ്ങൾക്ക് സ്പീക്കറുടെ നടപടിയും വനിതാ അംഗങ്ങൾക്ക് പാർലമെന്റ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈയ്യേറ്റവും നേരിടേണ്ടിവന്നു.
സഭാനാടകം ഇങ്ങനെ:
രാവിലെ 11: രാജ്യസഭയും ലോക‌്‌സഭയും സമ്മേളിക്കുന്നു
സഭ നിറുത്തിവച്ച് മഹാരാഷ്‌ട്ര വിഷയം ചർച്ച ചെയ്യാൻ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് നൽകിയ അടിയന്തര പ്രമേയ നോട്ടീസ് ലോക്‌സഭാ സ്‌പീക്കർ ഓംബിർള തള്ളുന്നു. മുദ്രാവാക്യം വിളിയോടെ കോൺഗ്രസ്, ഡി.എം.കെ അംഗങ്ങൾ എഴുന്നേൽക്കുന്നു. മുദ്രാവാക്യങ്ങൾ എഴുതിയ പ്ളക്കാർഡും ബാനറുമായി അംഗങ്ങൾ നടുത്തളത്തിലേക്ക്. ജാർഖണ്ഡിൽ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ പോയതിനാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഹാജരില്ല.
പ്രതിഷേധം അവഗണിച്ച് ചോദ്യോത്തര വേള തുടങ്ങാനൊരുങ്ങിയ സ്‌പീക്കർ രാഹുൽ ഗാന്ധിയെ ആദ്യ ചോദ്യത്തിന് ക്ഷണിക്കുന്നു. രാഹുലിന്റെ മറുപടി: 'ഞാൻ ചോദ്യം ചോദിക്കാൻ വന്നതാണ്. പക്ഷേ മഹാരാഷ്‌ട്രയിൽ ജനാധിപത്യം അട്ടിമറിക്കപ്പെട്ട സാഹചര്യത്തിൽ ചോദ്യത്തിൽ അർത്ഥമില്ല. നന്ദി!'
രാഹുൽ ഇരുന്നതോടെ കോൺഗ്രസ് പ്രതിഷേധം മൂർച്ഛിക്കുന്നു. പ്രതിഷേധം കണ്ടില്ലെന്നു നടിച്ച് സ്‌പീക്കർ അടുത്ത അംഗത്തെ ക്ഷണിക്കുന്നു. നടുത്തളത്തിൽ കോൺഗ്രസ് അംഗങ്ങളുടെ മുദ്രാവാക്യം വിളി. അംഗങ്ങൾക്ക് പ്രോത്‌സാഹനവുമായി ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് ആക്രോശിച്ച് സോണിയാ ഗാന്ധിയുടെ ഇടപെടൽ.
പ്രതിഷേധ ബാനർ പിടിച്ച എറണാകുളം എം.പി ഹൈബി ഈഡനെയും തൃശൂർ എം.പി ടി.എൻ പ്രതാപനെയും പേരെടുത്തു പറഞ്ഞ് സ്‌പീക്കർ ഓംബിർള. ബാനർ മാറ്റിയില്ലെങ്കിൽ പുറത്താക്കുമെന്ന് മുന്നറിയിപ്പ്. അംഗങ്ങളുടെ പ്രതിഷേധം തുടരുന്നു. 373-ാം ചട്ടപ്രകാരം ഇരുവരെയും പുറത്താക്കാൻ മാർഷൽമാർക്ക് നിർദ്ദേശം.സഭ 12 മണി വരെ നിറുത്തിവയ്‌ക്കുന്നതായി സ്‌പീക്കർ.
(ഇതേസമയം ബഹളം കാരണം രാജ്യസഭയും രണ്ടുമണി വരെ പിരിയുന്നു)
രാവിലെ 11.30: സ്പീക്കറുടെ ചേബർ:
സോണിയാ ഗാന്ധിയെയും കൊടിക്കുന്നിൽ സുരേഷിനെയും സ്‌പീക്കർ ചേംബറിലേക്കു വിളിപ്പിക്കുന്നു. ഹൈബി ഈഡനും പ്രതാപനും മാപ്പുപറഞ്ഞാൽ നടപടി ഒഴിവാക്കാമെന്ന് സ്‌പീക്കർ. അങ്ങനെ ആവശ്യപ്പെടാനാകില്ലെന്ന് സോണിയ.
പാർലമെന്റിലെ ഗാന്ധി പ്രതിമയ്‌ക്കു മുന്നിൽ മഹാരാഷ്‌ട്ര വിഷയം ഉയർത്തി സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധ ധർണ.
12.00 മണി: ഉപാദ്ധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗിന്റെ അദ്ധ്യക്ഷതയിൽ ലോക്‌സഭ വീണ്ടും സമ്മേളിച്ചെങ്കിലും ബഹളം തുടർന്നതിനാൽ ഉച്ചയ്‌ക്ക് രണ്ടു മണിവരെ പിരിയുന്നു.
2 മണി: സഭ നിയന്ത്രിക്കാൻ ബി.ജെ.പി അംഗം മീനാക്ഷി ലേഖി. ബഹളത്തിന് കുറവില്ല. സഭ പിരിയുന്നു.
സസ്പെൻഷൻ
നേരത്തെയും
ആൾക്കൂട്ട ആക്രമണത്തിൽ പ്രതിഷേധിക്കവെ സ്‌പീക്കർക്കു നേരെ കടലാസ് കീറി എറിഞ്ഞതിന് കൊടിക്കുന്നിൽ സുരേഷ്, എം.കെ.രാഘവൻ എന്നിവരടക്കം ആറ് എംപിമാരെ 2017 ജൂലായിൽ അന്നത്തെ സ്‌പീക്കർ സുമിത്രാ മഹാജൻ അഞ്ചു ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്‌തിരുന്നു. കാവേരി വിഷയം, ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ബഹളം വച്ചതിന് അണ്ണാ ഡി.എം.കെ, ടി.ഡി.പി പാർട്ടികളുടെ 45 അംഗങ്ങളെ കഴിഞ്ഞ ജനുവരിയിൽ സുമിത്രാ മഹാജൻ സസ്‌പെൻഡ് ചെയ്‌തിരുന്നു.