ന്യൂഡൽഹി: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസ് സർക്കാർ എന്ന് വിശ്വാസവോട്ട് തേടണമെന്നതിൽ സുപ്രീംകോടതി ഇന്ന് രാവിലെ 10.30ന് വിധി പറയും.
ജസ്റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനും ജസ്റ്റിസുമാരായ അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരുമടങ്ങിയ ബെഞ്ചിന്റെ വിധി ബി.ജെ.പിക്കും മറുകണ്ടം ചാടിയ ഉപമുഖ്യമന്ത്രി അജിത് പവാറിനും മാത്രമല്ല,ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യത്തിനും ഒരു പോലെ നിർണായകമാണ്. .
ഞായറാഴ്ചത്തെ അസാധാരണ സിറ്റിംഗിന് ശേഷം കോടതി ആവശ്യപ്പെട്ട പ്രകാരം, ഫഡ്നാവിസിനെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച് ഗവർണർ ഭഗത് സിംഗ് കോഷിയാരി നൽകിയ കത്തും ഭൂരിപക്ഷമുണ്ടെന്ന് തെളിയിക്കാൻ ഫഡ്നാവിസ് സമർപ്പിച്ച പിന്തുണക്കത്തും ഇന്നലെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ സമർപ്പിച്ചു. 54 എൻ.സി.പി എം.എൽ.എമാരുടെ ഒപ്പിട്ട, കവറിംഗ് ലെറ്റർ ഇല്ലാത്ത കത്താണ് കൈമാറിയത്.
നവംബർ 22ന് ഗവർണർക്ക് നൽകിയ കത്തിൽ 54 എൻ.സി.പി എം.എൽ.എമാരുടെ പിന്തുണ അജിത് പവാർ ഉറപ്പ് നൽകിയിരുന്നെന്നും അജിത് പവാറാണ് എൻ.സി.പി നിയമസഭാ കക്ഷി നേതാവെന്ന് കത്തിലുണ്ടെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു. തുടർന്ന്, ഇവർ ഉൾപ്പെട 170 എം.എൽ.മാരുടെ പിന്തുണയുണ്ടെന്ന അവകാശവാദം അംഗീകരിച്ച് സർക്കാരുണ്ടാക്കാൻ ഫഡ്നാവിസിനെ ക്ഷണിച്ച് ഗവർണർ നൽകിയ കത്ത് സോളിസിറ്റർ ജനറൽ കോടതിയിൽ വായിച്ചു. അതേസമയം 54 എൻ.സി.പി എം.എൽ.എമാർ ബി.ജെ.പിക്ക് പിന്തുണയറിയിച്ചെന്ന കത്ത് വ്യാജമാണെന്ന് ശിവസേന, എൻ.സി.പി, കോൺഗ്രസ് ത്രികക്ഷി സഖ്യം വാദിച്ചു.
വിശ്വാസവോട്ടെടുപ്പ്
വേണം;പക്ഷേ എപ്പോൾ
ഭൂരിപക്ഷം തെളിയിക്കാൻ വിശ്വാസവോട്ടെടുപ്പ് അനിവാര്യമാണെന്ന് എല്ലാ കക്ഷികളും നിലപാടെടുത്തു. പക്ഷേ എപ്പോൾ നടത്തണമെന്നതിൽ രൂക്ഷമായി ഭിന്നിച്ചു.
ഇന്നോ നാളെയോ വിശ്വാസവോട്ട് തേടണമെന്ന ആവശ്യത്തെ സോളിസിറ്റർ ജനറൽ എതിർത്തു. ഹർജിയിൽ കക്ഷികൾക്ക് മറുപടി നൽകാൻ രണ്ടോ മൂന്നോ ദിവസം നൽകണം.. തിരഞ്ഞെടുപ്പിലെ സഖ്യം ഉപേക്ഷിച്ച് ശിവസേന എതിർഭാഗത്തേക്ക് മാറി. അടിയന്തരമായി വിശ്വാസവോട്ടെടുപ്പ് നടത്തുന്നത് കുതിരക്കച്ചവടത്തിന് വഴിയൊരുക്കും. തീരുമാനം ഗവർണർക്ക് വിടണമെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു.വിശ്വാസവോട്ടെടുപ്പിന് ഗവർണറോട് ഉത്തരവിടാൻ കോടതിക്ക് അധികാരമില്ലെന്നും യുക്തമായ സമയത്തിനുള്ളിൽ നടത്താൻ അഭ്യർത്ഥിക്കാൻ മാത്രമേ കഴിയുള്ളൂവെന്നും ബി.ജെ.പി എം.എൽ.എമാരുടെ അഭിഭാഷകൻ മുകുൾ റോത്തഗിയും വാദിച്ചു.
കുതിരക്കച്ചവടം തടയാനുള്ള ഫലപ്രദമായ മറുമരുന്നാണ് വിശ്വാസവോട്ടെടുപ്പെന്ന് എൻ.സി.പിക്ക് വേണ്ടി ഹാജരായ അഭിഷേക് സിംഗ്‌വി തിരിച്ചടിച്ചു. എത്രയും വേഗം ഭൂരിപക്ഷം തെളിയിക്കണം. രണ്ടു ഭാഗവും വിശ്വാസവോട്ടെടുപ്പിനെ അനുകൂലിക്കുന്നു. പിന്നെ എന്തിനാണ് കക്ഷികളുടെ മറുപടിക്കായി കാത്തുനിൽക്കുന്നത്. കാണുമ്പോഴല്ല, കഴിക്കുമ്പോഴേ ഭക്ഷണത്തിന്റെ രുചിയറിയൂവെന്നും സിംഗ്‌വി പരിഹസിച്ചു.
24 മണിക്കൂറിനകം വിശ്വാസവോട്ടെടുപ്പ് നടത്താനാണ് എല്ലാ കേസുകളിലും മുൻകാലങ്ങളിൽ കോടതി ഉത്തരവ്.മുഖ്യമന്ത്രിക്ക് ഭൂരിപക്ഷമുണ്ടോയെന്നതാണ് ഇവിടത്തെ ചോദ്യം.
-ജസ്റ്റിസ് സഞ്ജീവ് ഖന്ന