money

ന്യൂഡൽഹി: കോർപ്പറേറ്റുകൾക്ക് വിവിധയിനത്തിൽ നൽകിയ ആനുകൂല്യങ്ങളും ഇളവുകളും മൂലം കേന്ദ്ര സർക്കാരിന്റെ വരുമാനത്തിൽ 108,785.41 കോടി രൂപയുടെ കുറവുണ്ടായതായി എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ കേന്ദ്ര ധനകാര്യ മന്ത്രി അനുരാഗ് സിംഗ് താക്കൂർ ലോക്‌സഭയിൽ അറിയിച്ചു. കോർപ്പറേറ്റുകൾക്ക് നൽകിയ ആനുകൂല്യങ്ങളും ഇളവുകളും സംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി വിവരം നൽകിയത്. 2014-15 ൽ 65,067.21 കോടി, 2015-16 ൽ 76,857.70 കോടി, 2016-17 ൽ 86,144.82 കോടി, 2017-18 ൽ 93,642.50 കോടി, 2018-19 ൽ 108,785.41 കോടി എന്നീ ക്രമത്തിലാണ് ഇളവുകൾ അനുവദിച്ചത്. ഇന്ത്യൻ വിപണിയിൽ നിന്ന് കോർപ്പറേറ്റുകൾ വമ്പിച്ച ലാഭം നേടുന്നതായി ശ്രദ്ധയിൽപെട്ടിട്ടില്ല. വിവിധ മേഖലകളിലേക്ക് കോർപ്പറേറ്റുകളെ ആകർഷിക്കുന്നതിനും പുതിയ തൊഴിലവസരങ്ങളും വരുമാന വർദ്ധനയും പ്രതീക്ഷിച്ചുമാണ് ഇളവുകൾ നൽകിയതെന്നും മന്ത്രി പറഞ്ഞു.