maradu
Maradu

ന്യൂഡൽഹി: മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകാനായി നാല് ഫ്ലാറ്റ് നിർമ്മാതാക്കളും 61.50 കോടി രൂപ സംസ്ഥാന സർക്കാരിന് കൈമാറാൻ സുപ്രീംകോടതി ഉത്തരവിട്ടു. സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. അതേസമയം തുക കെട്ടിവയ്‌ക്കുന്നതു വരെ കാത്തിരിക്കേതില്ലെന്നും, നഷ്ടപരിഹാരം എത്രയുംവേഗം കൈമാറണമെന്നും നിർദ്ദേശിച്ചു.

മുൻ ഉത്തരവുകൾ അനുസരിച്ച് ഫ്ലാറ്റ് പൊളിക്കലുമായി സർക്കാരിന് മുന്നോട്ടുപോകാം. ബിൽഡർമാർക്കെതിരെ മറ്റ് സിവിൽ, ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കാൻ ഫ്ലാറ്റ് ഉടമകൾക്ക് കോടതി അനുമതി നൽകി. നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ് ഈ നടപടികളെ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

നഷ്ടപരിഹാരം നൽകാനായി സ്വത്തുക്കൾ വിൽക്കാൻ അനുമതി തേടി കെട്ടിട നിർമ്മാതാക്കളായ ഹോളിഫെയ്ത്ത് ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സും ആൽഫ വെഞ്ചേഴ്സും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇവരോട് ബാലകൃഷ്ണൻനായർ സമിതിയെ സമീപിക്കാൻ ബെഞ്ച് നിർദ്ദേശിച്ചു. അപേക്ഷ പരിശോധിച്ച് സമിതിക്ക് ഉചിതമായ തീരുമാനമെടുക്കാം. എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ സമിതിക്ക് സുപ്രീംകോടതിയെ സമീപിക്കാം. ജനുവരി രണ്ടാംവാരം ഹർജി വീണ്ടും പരിഗണിക്കും.