ന്യൂഡൽഹി: മഹാരാഷ്‌ട്രയിലേതു പോലുള്ള സാഹചര്യങ്ങളിൽ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ ഉടൻ വിശ്വാസവോട്ട് നടത്തുകയാണ് ഏറ്റവും ഫലപ്രദമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
മഹാരാഷ്‌ട്രയിൽ ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസ്‌മാരായ എൻ.വി രമണ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് ഏകകണ്ഠമായാണ് ഇടക്കാല ഉത്തരവിറക്കിയത്.
ഫട്നാവിസ് സർക്കാരിന്റെ രാജിയോടെ വിശ്വാസ വോട്ട് അപ്രസക്തമായെങ്കിലും കോടതിയുടെ ഉത്തരവിലെ പരാമർശങ്ങൾ ഏറെ പ്രസക്തമാണ്. ഗവർണറുടെ മുന്നിലല്ല, നിയമസഭയിലാണ് ഭൂരിപക്ഷം തെളിയിക്കേണ്ടതെന്ന എസ്.ആർ. ബൊമ്മൈ കേസിലെ ഒൻപതംഗ ബെഞ്ചിന്റെ ചരിത്ര വിധിയോടൊപ്പം, ജഗദംബികപാൽ കേസും കർണാടക, ഗോവ, ഉത്തരാഖണ്ഡ് കേസുകളും ഉത്തരവിൽ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരുമാസമായിട്ടും അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുകയോ, സ്പീക്കറെ തിരഞ്ഞെടുക്കുകയോ ചെയ്തിട്ടില്ലെന്നതും കോടതി പരിഗണിച്ചു.
എത്രയും വേഗം പ്രൊട്ടെം സ്പീക്കറെ നിയമിച്ച് വൈകിട്ട് അഞ്ചിന് മുൻപായി അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂർത്തിയാക്കി വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നായിരുന്നു ഗവർണർ ഭഗത്‌സിംഗ് കോഷിയാരിക്കുള്ള കോടതിയുടെ നിർദ്ദേശം.
തീരുമാനം ഗവർണർക്ക് വിടണമെന്നും വിശ്വാസവോട്ടെടുപ്പിന് രണ്ടാഴ്ച നൽകണമെന്നുമുള്ള ഫഡ്നാവിസിന്റെയും അജിത് പവാറിന്റെയും ആവശ്യം കോടതി തള്ളി. സ്പീക്കർ തിരഞ്ഞെടുപ്പ് ആദ്യം നടത്തണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ഈ മാസം 30വരെയാണ് ഫഡ്നാവിസ് സർക്കാരിന് വിശ്വാസവോട്ടിനായി സമയം നൽകിയതെന്നാണ് സോളിസിറ്റർ ജനറൽ തുഷാർമേത്ത കോടതിയെ അറിയിച്ചത്.
ഗവർണറുടെ തീരുമാനത്തിൽ ജുഡിഷ്യൽ റിവ്യൂ എത്രവരെയെന്ന വിഷയം പിന്നീട് പരിഗണിക്കാനായി മാറ്റി. കക്ഷികൾ എട്ടാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം നൽകണം. ഹർജി 12 ആഴ്ചയ്ക്ക്ശേഷം വീണ്ടും പരിഗണിക്കും.