maharashtra

ന്യൂഡൽഹി:സഭയിൽ വിശ്വാസം തെളിയിക്കാൻ തങ്ങൾ ആഗ്രഹിച്ച സാവകാശം നൽകാത്ത സുപ്രീംകോടതി വിധിയും എൻ.സി.പിയിൽ പ്രതീക്ഷിച്ച പിളർപ്പ് ശരദ് പവാർ എന്ന ചാണക്യൻ തടഞ്ഞതുമാണ് മഹാരാഷ്‌ട്രയിൽ ബി.ജെ.പിക്ക് തിരിച്ചടിയായത്. ആശയവൈരുദ്ധ്യം മറന്ന് ഒന്നിച്ച ശിവസേന - എൻ.സി.പി - കോൺഗ്രസ് മുന്നണിക്കും താണ്ടാനുള്ളത് വെല്ലുവിളികളാണ്.

ഒറ്റയ്‌ക്ക് ഭൂരിപക്ഷമില്ലാത്ത ബി.ജെ.പി, ശിവസേന മുഖ്യമന്ത്രി പദം പങ്കിടണമെന്ന് ആവശ്യപ്പെട്ടതു മുതൽ മുന്നിൽ കണ്ടത് 50:50 സാദ്ധ്യതയായിരുന്നു. ബി.ജെ.പി കേന്ദ്ര നേതൃത്വവും വലിയ താത്പര്യം കാണിച്ചില്ലെന്ന് സൂചനകളുണ്ട്. സംസ്ഥാന നേതാക്കൾ സമ്മർദ്ദം ചെലുത്തിയപ്പോൾ പരമാവധി ശ്രമിക്കാൻ നിർദ്ദേശം ലഭിച്ചു. എൻ.സി.പി,ശിവസേന അംഗങ്ങളെ പാട്ടിലാക്കാൻ തുടക്കം മുതൽ ശ്രമിച്ചിരുന്നു. പക്ഷേ കണക്കുകൾ തെറ്റിച്ച് ശിവസേന - എൻ.സി.പി - കോൺഗ്രസ് പാർട്ടികൾ ചർച്ച തുടങ്ങി. ആശയ വൈരുദ്ധ്യമുള്ള കക്ഷികൾ ഒന്നിക്കുമെന്ന് ബി.ജെ.പി കരുതിയില്ല. രാഷ്‌ട്രപതി ഭരണം വന്നിട്ടും ശരദ് പവാറിന്റെ നേതൃത്വത്തിൽ ത്രികക്ഷി മുന്നണി ചർച്ച തുടർന്നു.

ശിവസേന സംഖ്യത്തെ ചൊല്ലി കോൺഗ്രസിലുണ്ടായ ഭിന്നതയാണ് പിന്നീട് ബി.ജെ.പിക്ക് പ്രതീക്ഷയായത്. നവംബർ 22ന് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാരിന് പിന്തുണ നൽകാൻ എൻ.സി.പിയും കോൺഗ്രസും തീരുമാനിച്ചതോടെ പെട്ടെന്ന് എന്തെങ്കിലും ചെയ്യാതെ നിർവ്വാഹമില്ലായിരുന്നു. എൻ.സി.പിയിൽ ഉടക്കി നിന്ന അജിത് പവാറിനെ ഉപമുഖ്യമന്ത്രി പദവും കേസുകൾ തീർപ്പാക്കാമെന്ന വാഗ്ദാനവും നൽകി അടർത്തിയെടുത്ത പാതിരാനീക്കം ഏവരെയും അമ്പരപ്പിച്ചെങ്കിലും മുന്നോട്ട് പോയില്ല.

സർക്കാർ രൂപീകരിച്ചാൽ കൂടുതൽ പേർ വരുമെന്ന അജിത് പവാറിന്റെ വാക്കുകൾ ഫഡ്‌നാവിസ് വിശ്വസിച്ചെന്നാണ് സൂചന. എൻ.ഡി.എ വിട്ടതിനെ എതിർക്കുന്ന 15ഓളം ശിവസേന എം.എൽ.എമാരെയും പ്രതീക്ഷിച്ചിരുന്നു. പക്ഷേ ശരദ് പവാർ എൻ.സി.പി എം.എൽ.എമാർക്ക് കാവൽ നിന്ന് പദ്ധതി പൊളിച്ചു. അജിത്തിനൊപ്പം വന്ന മൂന്ന് എം.എൽ.എമാരെ ഹരിയാനയിലെ ഹോട്ടലിൽ നിന്ന് മോചിപ്പിച്ചു. 162 എം.എൽ.എമാരെ നിരത്തി മുംബയ് ഹോട്ടലിൽ ത്രികക്ഷി മുന്നണി ശക്തി പ്രകടനം നടത്തിയതോടെ തോൽവി ഉറപ്പായി. ഇന്ന് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതിയും വിധിച്ചതോടെ രാജി അനിവാര്യമായി. അജിത് പവാറിനെ ആദ്യം രാജിവയ്‌പിച്ചു. പിന്നാലെ ഫഡ്‌നാവിസും.

കോൺഗ്രസും ജെ.ഡി.എസും ഒന്നിച്ചപ്പോൾ വോട്ടെടുപ്പിന് മുൻപ് രാജിവച്ചെങ്കിലും പിന്നീട് സർക്കാർ രൂപീകരിച്ച ബി.എസ്. യെദിയൂരപ്പയുടെ കർണാടക മോഡൽ ആണ് ഫഡ്നാവിസിന് ഇനി പ്രതീക്ഷ. പൊതുമിനിമം പരിപാടിയിൽ സർക്കാർ രൂപീകരിച്ചാലും ത്രികക്ഷി മുന്നണിക്ക് ആയുസുണ്ടാവില്ലെന്നാണ് ഒരു ബി.ജെ.പി ദേശീയ നേതാവ് പറഞ്ഞത്. ഹിന്ദുത്വ അജണ്ടയുള്ള ശിവസേനയുമായുള്ള കൂട്ടുകെട്ട് കേരളത്തിൽ അടക്കം കോൺഗ്രസിന് ദഹിക്കില്ല. മധുവിധു കഴിഞ്ഞുണ്ടാവുന്ന തർക്കം മുതലെടുക്കാനായിരിക്കും ബി.ജെ.പി ശ്രമിക്കുക. മുന്നണി രൂപീകരിക്കാൻ മുൻകൈയെടുത്ത ശരദ് പവാർ മൂന്ന് കക്ഷികളെയും എങ്ങനെ ഒന്നിച്ചു കൊണ്ടുപോകും എന്നതിനെ ആശ്രയിച്ചിരിക്കും സർക്കാരിന്റെ ഭാവി.