supreme-court

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ പാതിരാ നാടകത്തിലൂടെ അധികാരമേറ്റ ഫഡ്നാവിസ് സർക്കാരിനെ ഇന്നലെ സുപ്രീംകോടതി പ്രഹരിക്കുമ്പോൾ പാർലമെന്റിൽ ഭരണഘടനയുടെ എഴുപതാം വാർഷികാഘോഷമായിരുന്നു. കുതിരക്കച്ചവടത്തിന് സാഹചര്യമൊരുങ്ങുമ്പോൾ ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കോടതി ബാദ്ധ്യസ്ഥമാണെന്ന് വ്യക്തമാക്കിയാണ് ഉടൻ വിശ്വാസവോട്ടിന് ആവശ്യപ്പെട്ടത്.

കർണാടകത്തിൽ യെദിയൂരപ്പ നേരിട്ടതിന് സമാനമായ തിരിച്ചടിയാണ് ഫഡ്നാവിസും നേരിട്ടത്. രണ്ടിടത്തും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാതെയാണ് അധികാരം പിടിക്കാൻ ശ്രമിച്ചത്. രണ്ടിടത്തും 24 മണിക്കൂറിനുള്ളിൽ വിശ്വാസവോട്ടിന് സുപ്രീംകോടതി വിധിച്ചത്

രാജിക്ക് വഴിതുറന്നു. ഭൂരിപക്ഷം തെളിയിക്കേണ്ടത് നിയമസഭയിലാണെന്ന എസ്.ആർ ബൊമ്മൈ കേസിലെ വിധി ആവർത്തിച്ച കോടതി കർണാടക, ഗോവ തുടങ്ങിയ കേസുകളും ചൂണ്ടിക്കാട്ടി.

ഗോവൻ ഷോ - 2017

ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസിനെ ( 17) ഒഴിവാക്കി ഗവർണർ മൃദുല സിൻഹ സർക്കാരുണ്ടാക്കാൻ ബി.ജെ.പിയെ (13) ക്ഷണിച്ചു. പ്രതിരോധമന്ത്രി സ്ഥാനം രാജിവച്ച മനോഹർ പരീക്കർ മുഖ്യമന്ത്രി സ്ഥാനാർത്ഥി.കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്. പരീക്കറുടെ സത്യപ്രതി‌ജ്ഞ തടഞ്ഞില്ല.48 മണിക്കൂറിനകം വിശ്വാസവോട്ടിന് ഉത്തരവ്.

ചെറുകക്ഷികളെ കൂട്ടുപിടിച്ച് കേവല ഭൂരിപക്ഷമായ 21 അംഗങ്ങളുടെ പിന്തുണ നേടി പരീക്കർ (22-16) വിശ്വാസവോട്ട് ജയിച്ചു.

കർണാടകം - 2018


തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ല. ബി.ജെ.പി വലിയ ഒറ്റകക്ഷി (104). കോൺഗ്രസ് (80), ജെ.ഡി.എസ് (37). 224 സീറ്റിൽ കേവല ഭൂരിപക്ഷത്തിന് 113. കോൺഗ്രസും ജെ.ഡി.എസും സഖ്യം സർക്കാരിന് ഒരുങ്ങവെ ഗവർണർ വാജുഭായി വാല ബി.ജെ.പിയെ ക്ഷണിച്ചു. കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്. അസാധാരണ വാദം. പുലർച്ചെ 2.11 മുതൽ 5.28 വരെ. പിന്തുണക്കത്ത് ഹാജരാക്കാൻ യെദിയൂരപ്പയ്ക്ക് നിർദ്ദേശം . സത്യപ്രതിജ്ഞ സ്റ്റേ ചെയ്തില്ല. യെദിയൂരപ്പ മുഖ്യമന്ത്രിയായി. എം.എൽ.എമാരുടെ പേരില്ലാത്ത പിന്തുണക്കത്തുമായി യെദിയൂരപ്പ കോടതിയിൽ. ഗവർണർ അനുവദിച്ച 15 ദിവസം വെട്ടിക്കുറച്ച് 24 മണിക്കൂറിനകം വിശ്വാസവോട്ടിന് ഉത്തരവ്.

വിശ്വാസവോട്ടിന് മുൻപേ യെദിയൂരപ്പ രാജിവച്ചു. എച്ച്.ഡി കുമാരസാമിയുടെ ജെ.ഡി.എസ് - കോൺഗ്രസ് സഖ്യം അധികാരമേറ്റു.

17 എം.എൽ.എമാർ ബി.ജെ.പിയിലേക്ക് കൂറുമാറിയതോടെ കുമാരസാമി സർക്കാർ രാജിവച്ചു. യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രി.

എസ്.ആർ ബൊമ്മൈ കേസ്

1989ൽ കർണാടകയിലെ ജനതാദൾ സർക്കാരിനെ നയിച്ച എസ്.ആർ ബൊമ്മൈയെ ഭൂരിപക്ഷമില്ലെന്ന് കാട്ടി ആർട്ടിക്കിൾ 356 പ്രകാരം പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. എം.എൽ.എമാർ കൂട്ടത്തോടെ കൂറുമാറിയത് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകാതെയായിരുന്നു ഗവർണർ പി. വെങ്കടസുബ്ബയ്യയുടെ നടപടി. ഇതിനെതിരെ ബൊമ്മൈ ആദ്യം ഹൈക്കോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിച്ചു. മേഘാലയ, നാഗാലാൻഡ്, രാജസ്ഥാൻ, ഹിമാചൽ സർക്കാരുകളെ പിരിച്ചുവിട്ട വിഷയവും ഒൻപതംഗ ബെഞ്ചിൽ.

1994 മാർച്ച് 11ന് ചരിത്രവിധി:

നിയമസഭയാണ് ഭൂരിപക്ഷം തെളിയിക്കാനുള്ള ഏക വേദി

സർക്കാരുകളെ പിരിച്ചുവിടാൻ രാഷ്ട്രപതിക്ക് ഏകപക്ഷീയ അധികാരമില്ല.

ആർട്ടിക്കിൾ 356 പ്രയോഗിക്കാൻ പാർലമെൻറിന്റെ ഇരുസഭകളുടെയും അംഗീകാരം വേണം

നിയമസഭ സസ്പെൻഡ് ചെയ്യാനേ കഴിയൂ

പാർലമെൻറ് അംഗീകരിച്ചില്ലെങ്കിൽ പിരിച്ചുവിടപ്പെട്ട ഭരണം തിരിച്ചുവരും, നിയമസഭ വീണ്ടും പ്രവർത്തനക്ഷമമാകും