ന്യൂഡൽഹി: ദാദ്ര ആൻഡ് നാഗർ ഹവേലി, ദാമൻ ആൻഡ് ദ്യൂ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളെ സംയോജിപ്പിക്കുന്ന ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. ദാമൻ, ദ്യൂ പ്രദേശങ്ങൾ 1987വരെ ഗോവയ്‌ക്കൊപ്പം ഒറ്റ കേന്ദ്രഭരണ പ്രദേശമായിരുന്നു. ഗോവ സംസ്ഥാനമായതിനു ശേഷമാണ് ഇവ പ്രത്യേകം കേന്ദ്രഭരണ പ്രദേശമാക്കിയത്. പോർച്ചുഗീസ് ഭരണം അവസാനിച്ചതിന് ശേഷം 1954 മുതൽ വരിഷ്‌ഠ പഞ്ചായത്ത് പൗരസമതിക്കു കീഴിലായിരുന്ന ദാദ്രയും നാഗർ ഹവേലിയും 1961ലാണ് ഇന്ത്യയുടെ ഭാഗമായത്. പടിഞ്ഞാറൻ മേഖലയിലെ ചെറിയ ഈ പ്രദേശങ്ങളെ ഒറ്റ കേന്ദ്രഭരണ പ്രദേശമാക്കി ഭരണച്ചെലവ് കുറയ്‌ക്കാമെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ. നിലവിൽ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾക്കും ലോക്‌സഭയിൽ ഓരോ അംഗങ്ങളുണ്ട്. ഇവ ഒന്നിക്കുന്ന പ്രദേശത്തിന് രണ്ടുപ്രതിനിധികളുണ്ടാകുമെന്നും പുതിയ കേന്ദ്ര ഭരണ പ്രദേശത്തെ കേസുകൾ ബോംബെ ഹൈക്കോടതിയുടെ പരിധിയിലാകുമെന്നും ഭേദഗതി ബില്ലിൽ പറയുന്നു.