ന്യൂഡൽഹി: ബാനറുമേന്തി പ്രതിഷേധിച്ചതിന് സ്‌പീക്കർ ഓംബിർള പുറത്താക്കിയ കോൺഗ്രസ് എം.പിമാരായ ഹൈബി ഈഡനും ടി.എൻ. പ്രതാപനും ഇന്നലെ ലോക്‌സഭയിൽ മടങ്ങിയെത്തി. സെൻട്രൽ ഹാളിൽ രാഷ്‌ട്രപതി പങ്കെടുത്ത ഭരണഘടനാ വാർഷിക ചടങ്ങിന് ശേഷം ഉച്ചയ്‌ക്ക് രണ്ടിനാണ് ഇന്നലെ ഇരു സഭകളും സമ്മേളിച്ചത്. മഹാരാഷ്‌ട്രാ വിഷയത്തിൽ സുപ്രീംകോടതി വിധി വന്നതിനാൽ രാവിലെ രാഷ്‌ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിച്ച് അംബേദ്‌കർ പ്രതിമയ്‌ക്ക് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷം സഭയ്‌ക്കുള്ളിൽ ശാന്തരായിരുന്നു. ഉച്ചയ്‌ക്ക് ശേഷം ദേശീയ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് ബിൽ ചർച്ചയ്‌ക്കിടെ തൃണമൂൽ അംഗം സൗഗതറോയ്,
മഹാരാഷ്‌ട്രയിൽ അജിത് പവാർ രാജിവച്ച വിവരം ലോക്‌സഭയിൽ ഉറക്കെ പ്രഖ്യാപിച്ചത് പ്രതിപക്ഷ നിരയിൽ ചിരി പടർത്തി. ബില്ലിന് പിന്തുണ നൽകി സംസാരിച്ച ബി.ജെ.പി അംഗം കിരൺ ഖേറിനെ അത് പ്രകോപിപ്പിച്ചു. ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചതും സൗഗതറോയ് വിളിച്ചു പറഞ്ഞു. സഭാധ്യക്ഷ അതു രേഖയിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. എസ്.പി.ജി സംരക്ഷണം പ്രധാനമന്ത്രിക്കും മുൻ പ്രധാനമന്ത്രിമാർക്കും മാത്രമായി ചുരുക്കുന്ന ബില്ലിൻമേലുള്ള ചർച്ച അജണ്ടയിൽ ഉൾപ്പെടുത്തിയെങ്കിലും നടന്നില്ല. മഹാരാഷ്‌ട്ര തിരിച്ചടിയുടെ പ്രതിഫലനമെന്നോണം ഇരുസഭകളിലും ട്രഷറി ബെഞ്ചുകൾ കാലിയായിരുന്നു.