gulf-job

ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിൽ വീട്ടുജോലിക്കുപോവുന്ന സ്ത്രീകളുടെ ജോലി സുരക്ഷയ്ക്കും ജീവിത സുരക്ഷയ്ക്കും ആവശ്യമായ എല്ലാ നടപടികളും കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ലോക്സഭയെ രേഖാമൂലം അറിയിച്ചു. ഇ.സി.ആർ (ഇമിഗ്രേഷൻ ചെക്ക്‌ റിക്വയേർഡ്‌)​ രാജ്യങ്ങളിൽ ജോലിക്കുപോവുന്ന സ്ത്രീകൾ മുപ്പത് വയസിന് മുകളിലുള്ളവർ ആയിരിക്കണമെന്ന് നിർബന്ധമാണ്.എന്നാൽ നഴ്സുമാർക്ക് ഇത് ബാധകമല്ല.

ജോലി ദാതാക്കൾക്ക് വീട്ടുജോലിക്കായി ഇന്ത്യൻ ഏജൻസി വഴി റിക്രൂട്ട് ചെയ്യാം. ഏതെങ്കിലും സർക്കാർ റിക്രൂട്ടിംഗ് ഏജൻസി വഴി മാത്രമെ ഇത് ചെയ്യാനാകൂ. നേരിട്ടുള്ള റിക്രൂട്ട്‌മെന്റാണ് നടത്തുന്നതെങ്കിൽ വിദേശ സ്ഥാപനം ഓരോ വനിത ജീവനക്കാരിക്കും 2500 അമേരിക്കൻ ഡോളർ വീതം ബാങ്ക് ഗാരന്റി നൽകണം.

ഇ.സി.ആർ രാജ്യങ്ങളിൽ എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള പാസ്‌പോർട്ട് കൈവശമുള്ള സ്ത്രീകളെ നേരിട്ട് റിക്രൂട്ട് ചെയ്യുമ്പോൾ എംബസി അറ്റസ്‌റ്റേഷൻ നിർബന്ധമാണ്. ആറ് ഗൾഫ് രാജ്യങ്ങളുമായി തൊഴിൽ സഹകരണത്തിന് ഇന്ത്യ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. അതു പ്രകാരം കൃത്യമായ ഇടവേളകളിൽ ജോയിന്റ് വർക്കിംഗ് ഗ്രൂപ്പുകൾ ചേർന്ന് ഈ രാജ്യങ്ങളിൽ വീട്ടു ജോലി ചെയ്യുന്നവരുടെ ജോലി സാഹചര്യങ്ങൾ ചർച്ച ചെയ്യാറുണ്ട്. കുവൈത്തിൽ ആപ്പ് വഴി സ്ത്രീകളെ വീട്ടുജോലിക്കെടുത്ത് തട്ടിപ്പ് നടത്തുന്നതായുള്ള മാദ്ധ്യമ വാർത്തകൾ കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും ലോക്സഭയെ അറിയിച്ചു.