
ന്യൂഡൽഹി: ഐ.എൻ.എക്‌സ് മീഡിയ അഴിമതിക്കേസിൽ കസ്റ്റഡിയിലായി നൂറ് ദിവസമായിട്ടും ജാമ്യം നൽകാതെ തന്നെ എന്നന്നേക്കുമായി ജയിലിൽ തള്ളാനുള്ള ഗുഢശ്രമമാണ് നടക്കുന്നതെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി.ചിദംബരം സുപ്രീംകോടതിയിൽ പറഞ്ഞു. ജാമ്യാപേക്ഷയിലെ വാദത്തിനിടെ ചിദംബരത്തിന്റെ അഭിഭാഷകൻ കബിൽ സിബലാണ് ജസ്റ്റിസ്‌മാരായ ആർ. ഭാനുമതി, എ.എസ്. ബൊപ്പണ്ണ, ഹൃഷികേശ് റോസ് എന്നിവരുടെ ബെഞ്ചിനെ ഇക്കാര്യം അറിയിച്ചത്.
ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് എൻഫോഴ്മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചിട്ടും ചിദംബരത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉടൻ ചോദ്യം ചെയ്യണമെന്ന് ഇ.ഡി. ആവശ്യപ്പെട്ടെങ്കിലും സി.ബി.ഐയുടെ കസ്റ്റഡി കാലാവധിക്ക് ശേഷമാണ് ചോദ്യം ചെയ്‌തത്. തന്നെ ജയിലിൽ ഇടുക മാത്രമാണ് ഈ കേസിന്റെ ലക്ഷ്യം.
കസ്റ്റഡി ഡിസംബർ 11 വരെ നീട്ടി
ഇന്നലെ ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിച്ചു. ഇതോടെ സി.ബി.ഐ. കോടതി അടുത്തമാസം 11 വരെ അദ്ദേഹത്തെ വീണ്ടും കസ്റ്റഡിയിൽ വിട്ടു. മീഡിയ അഴിമതി കേസിൽ ചിദംബരം അറസ്റ്റിലായിട്ട് ഇന്ന് 100 ദിവസം തികയും. അഴിമതിക്കേസിൽ സി.ബി.ഐയും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്മെന്റും രണ്ട് കേസാണ് പി.ചിദംബരത്തിനെതിരെ എടുത്തത്.
രാഹുലും പ്രിയങ്കയും എത്തി
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ഇന്നലെ രാവിലെ തിഹാർ ജയിലിലെത്തി ചിദംബരത്തെ സന്ദർശിച്ചു. കഴിഞ്ഞ ദിവസം മകൻ കാർത്തി ചിദംബരവും കോൺഗ്രസ് എം.പി ശശി തരൂരും ജയിലിലെത്തിയിരുന്നു.
ചിദംബരം അറസ്റ്റിൽ - ആഗസ്റ്റ് 21ന്
സി.ബി.ഐ. കസ്റ്റഡിയിൽ - ആഗസ്റ്റ് 21 - സെപ്റ്റം. 4
തീഹാർ ജയിലിൽ - സെപ്റ്റം. 5
ഇ.ഡി അറസ്റ്റ് - ഒക്ടോ. 16
സി.ബി. ഐ. കേസിൽ ജാമ്യം - ഒക്ടോ. 22
ഇ.ഡി.ജാമ്യം - ?