ന്യൂഡൽഹി: സ്‌പെഷ്യൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിന്റെ(എസ്.പി.ജി) സുരക്ഷ പ്രധാനമന്ത്രിക്കും കുടുംബാംഗങ്ങൾക്കും മാത്രമായി നിജപ്പെടുത്തുന്ന ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. മുൻ പ്രധാനമന്ത്രിക്കും കുടുംബത്തിനും അഞ്ച് വർഷം എസ്.പി.ജി സുരക്ഷ ലഭിക്കാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്.
സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർക്കുള്ള എസ്.പി.ജി സുരക്ഷ എടുത്തു കളഞ്ഞത് രാഷ്‌ട്രീയ പ്രതികാര നടപടിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ ഗാന്ധി കുടുംബം വിദേശ യാത്രകളിൽ അടക്കം 600 തവണ സ്വകാര്യ യാത്രകളിൽ എസ്.പി.ജി സുരക്ഷ വേണ്ടെന്നു വച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകി.രാഷ്‌ട്രത്തെയും സർക്കാരിനെയും നയിക്കുന്ന പ്രധാനമന്ത്രിക്കുള്ള സ്‌പെഷ്യൽ സുരക്ഷയ്‌ക്കായി രൂപം നൽകിയതാണ് എസ്.പി.ജി. ഇത് എല്ലാവർക്കും നൽകാനാകില്ല. വിദേശ യാത്രകളിൽ സുരക്ഷാ സൈനികരുടെ ചെലവ് കുറയ്‌ക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു..
ഗാന്ധി കുടുംബത്തിന്റെ
സുരക്ഷ പിൻവലിച്ചിട്ടില്ല.ഷാ
* ഗാന്ധി കുടുംബത്തിന്റെ സുരക്ഷ ഇസഡ് പ്ളസ് ആക്കി മാറ്റിയതാണ്. ഇക്കാര്യം അറിയിക്കാൻ ചെന്ന ഇന്റലിജൻസ് മേധാവിക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയില്ല.
* ഇസഡ് പ്ളസിലും മുൻകൂർ പരിശോധന, കമ്മാൻഡോകൾ, ആംബുലൻസ് തുടങ്ങിയ സംവിധാനങ്ങളുണ്ട്. എസ്.പി.ജി പരിശീലനം ലഭിച്ച കേന്ദ്ര സൈനികരാണ് സംഘത്തിൽ.
* എസ്.പി.ജി സുരക്ഷ പലരും സ്‌റ്റാറ്റസായി പരിഗണിക്കുന്നു. എസ്.പി.ജിക്കാർ സ്വർഗത്തിൽ നിന്നു വരുന്നവരല്ല. മറ്റ് ഏജൻസികളിൽ നിന്ന് തിരഞ്ഞെടുക്കുന്നവരാണ്. എസ്.പി.ജി സുരക്ഷയുള്ള ഒരു വ്യക്തി ഡൽഹിയിൽ ആഡംബര ബൈക്കിൽ 150 കിലോമീറ്റർ വേഗതയിൽ സവാരി ചെയ്‌തപ്പോൾ പാവം എസ്.പി.ജിക്കാർ പുറകെ പായേണ്ടി വന്നു.
ആശങ്ക പ്രകടിപ്പിച്ച്
കോൺഗ്രസ്
സുരക്ഷാ ഭീഷണി വിലയിരുത്തി മുൻ പ്രധാനമന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും എസ്.പി.ജി സുരക്ഷ പിൻവലിക്കുന്നതിലെ യുക്തി രാഹിത്യം കോൺഗ്രസ് അംഗം മനീഷ് തീവാരി ചൂണ്ടിക്കാട്ടി. രാജ്യത്തും വിദേശത്തും പ്രമുഖ നേതാക്കൻമാർക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങൾ കണക്കിലെടുത്ത് ഭേദഗതി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്.പി.ജി നിയമ ഭേദഗതി സങ്കുചിതമായ രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമാണെന്നും, രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ചവരുടെ കുടുംബാംഗങ്ങളെ അപമാനിക്കലാണെന്നും ആർ..എസ്..പി അംഗം എൻ..കെ..പ്രേമചന്ദ്രൻ . ആരോപിച്ചു..