ന്യൂഡൽഹി: രാജ്യത്ത് ഇ -സിഗരറ്റുകൾ നിരോധിക്കുന്ന ബിൽ ലോക്‌സഭ പാസാക്കി. പ്രതിപക്ഷം ഉന്നയിച്ച ഭേദഗതികൾ തള്ളി ശബ്ദ വോട്ടോടെയാണ് പാസാക്കിയത്. നിയമം ലംഘിച്ചാൽ ഒരു വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ മൂന്നു വർഷംവരെ തടവും അഞ്ചു ലക്ഷം വരെ പിഴയും ലഭിക്കാം. ഇ- സിഗരറ്റ് കൈവശം സൂക്ഷിച്ചാൽ ആറു മാസം തടവും 50000 രൂപ പിഴയുമാണ് ശിക്ഷ.
ഇലക്ട്രോണിക് സിഗരറ്റ് നിരോധന (നിർമ്മാണം, കയറ്റുമതി, ഇറക്കുമതി, കടത്തൽ, വിൽപ്പന, വിതരണം, സംഭരണം, പരസ്യം) ബിൽ- 2019 രാജ്യസഭ കൂടി പാസാക്കിയാൽ നിയമമാകും. ഇ- സിഗരറ്റുകളുടെ ലഭ്യത ഇല്ലാതാക്കി ഉപയോഗം ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രആരോഗ്യമന്ത്രി ഹർഷവർദ്ധൻ ലോക്സഭയിൽ പറഞ്ഞു. പുകയില ഉപയോഗം കാരണം ഓരോ സെക്കൻഡിലും പത്തു പേർ വീതം രാജ്യത്ത് മരിക്കുന്നതായി കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. പുകയില ഉപയോഗം നിയന്ത്രിക്കാൻ കേന്ദ്രം നിരവധി നടപടികളെടുത്തിട്ടുണ്ടെന്ന് മന്ത്രി മറുപടി നൽകി. നിക്കോട്ടിൻ നിയന്ത്രിക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നതെന്ന് എൻ.കെ പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.
നിലവിലുള്ള പുകയില ഉത്പന്നങ്ങൾ നിരോധിക്കുന്നതിനുപകരണം ഇ-സിഗരറ്റ് മാത്രം നിരോധിക്കുന്നത് പുകയില കമ്പനികളെ സഹായിക്കുന്നതിന് വേണ്ടിയാണെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. സെപ്തംബറിലാണ് ഇ- സിഗരറ്റിന്റെ നിർമ്മാണവും വിപണനവും നിരോധിച്ച് കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കിയത്.