pranja

ന്യൂഡൽഹി: ഗാന്ധിജിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്സെ ദേശഭക്തനാണെന്ന് ലോക്‌സഭയിൽ വിളിച്ചു പറഞ്ഞ ഭോപ്പാൽ എം.പിയും മാലെഗാവ് സ്‌ഫോടന കേസിലെ പ്രതിയുമായ പ്രജ്ഞാ സിംഗ് ഠാക്കൂറിനെ ബി.ജെ.പി പാർലമെന്റിന്റെ പ്രതിരോധ സമിതിയിൽ നിന്ന് പുറത്താക്കുകയും ശീതകാല സമ്മേളനം കഴിയും വരെ പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കുന്നത് വിലക്കുകയും ചെയ്‌തു. പ്രജ്ഞയുടെ പ്രസ‌്താവന ഇന്നലെയും പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കി.

ഗോഡ്സെയെ പ്രകീർത്തിച്ച പ്രജ്ഞയുടെ നടപടിയെ അപലപിക്കുന്നുവെന്നും അത് പാർട്ടിയുടെ നിലപാടല്ലെന്നും നടപടി പ്രഖ്യാപിച്ച ബി.ജെ.പി വർക്കിംഗ് പ്രസിഡന്റ് ജെ.പി. നദ്ദ അറിയിച്ചു. വേണ്ടി വന്നാൽ സസ്‌പെൻഷൻ അടക്കമുള്ള നടപടിയുണ്ടാകുമെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. പ്രജ്ഞ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ലോക്‌സഭയിൽ കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷം ബഹളമുണ്ടാക്കി. വിഷയത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം സ്‌പീക്കർ ഓംബിർളയ്‌ക്ക് കത്തു നൽകിയിട്ടുണ്ട്.

പ്രജ്ഞയുടെ പ്രസ്‌താവന വ്യക്തിപരമാണെന്നും പാർട്ടി അതിനെ തള്ളുകയാണെന്നും ലോക്‌സഭയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ജാതി, മത, രാഷ്‌ട്രീയഭേദമന്യേ ഏവർക്കും ഗാന്ധിജി മാതൃകാ പുരുഷനും വഴികാട്ടിയുമാണ്. അദ്ദേഹത്തിന്റെ ആദർശങ്ങൾ ഭാവിയിലും പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. പ്രജ്ഞയുടെ പരാമർശം രേഖയിൽ നിന്ന് നീക്കിയെന്ന സ്‌പീക്കറുടെ മറുപടിയിൽ തൃപ്‌തരാകാതെ പ്രതിപക്ഷം വാക്കൗട്ട് നടത്തി.

പ്രത്യേക തത്വചിന്തയിൽ വിശ്വസിച്ച ആളാണ് ഗോഡ്സെയെന്ന് ഗാന്ധി വധക്കേസിലെ മൊഴി വ്യക്തമാക്കുന്നുണ്ടെന്ന് ഡി.എം.കെ അംഗം എ. രാജ എസ്.പി.ജി ബില്ലിന്റെ ചർച്ചയ്ക്കിടെ സൂചിപ്പിച്ചപ്പോഴാണ് 'ദേശഭക്തരെക്കുറിച്ച് അങ്ങനെ പറയരുതെന്ന്' പ്രജ്ഞ വിളിച്ചു പറഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലും പ്രജ്ഞയുടെ ഗോഡ്സെ പരാമർശം വിവാദമായിരുന്നു.