ന്യൂഡൽഹി: സംസ്ഥാനത്ത് ആരോഗ്യ മേഖലയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നാഷണൽ ഹെൽത്ത് മിഷൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക വകയിരുത്തണമെന്ന് ഡീൻ കുര്യാക്കോസ് ലോക്‌സഭയിൽ ആവശ്യപ്പെട്ടു. വയനാട് സ്‌കൂൾ വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരണപ്പെട്ടതും പീരുമേട്ടിൽ ആംബുലൻസ് ഇല്ലാത്തതിനാൽ മൃതശരീരം ടെമ്പോവാനിൽ കയറ്റിയതും ആരോഗ്യരംഗത്തെ ശോച്യാവസ്ഥയ്‌ക്ക് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. മലയോര മേഖലയിൽ തോട്ടം തൊഴിലാളികൾക്കും മറ്റും സ്വകാര്യ ആശുപത്രികളിൽ വിദഗ്ധ ചികിത്സ തേടുന്നതിനുള്ള പ്രായോഗി ബുദ്ധിമുട്ട് പരിഗണിക്കപ്പെടണം. ഇടുക്കിയിൽ മറ്റു ജില്ലകളെ അപേക്ഷിച്ച് ഡോക്ടർ-കിടക്ക അനുപാതം വളരെ കുറവും ഗർഭിണികളുടെ മരണനിരക്ക് മറ്റിടങ്ങളെക്കാൾ കൂടുതലുമാണ്. ഈ പ്രത്യേക സാഹചര്യത്തിൽ ദേശീയ ആരോഗ്യമിഷൻ വഴി മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് എംപി ആവശ്യപ്പെട്ടു.